നിരത്തുകളിലെ ചലിക്കുന്ന കൊട്ടാരം; ടൊയോട്ട ഹയാസ് !

ചൊവ്വ, 28 ഫെബ്രുവരി 2017 (10:28 IST)
രാജ്യാന്തര വിപണിയിൽ ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ വാഹനങ്ങളിലൊന്നാണ് ഹയാസ്. ടൊയോട്ടയുടെ വലിയ രൂപവും വിശ്വാസ്യതയുമാണ് ഹയാസിനെ രാജ്യാന്തര വിപണിയിലെ ജനപ്രിയ വാണിജ്യവാഹനങ്ങളിലൊന്നാക്കി മാറ്റിയത്. രൂപം കൊണ്ടും വലിപ്പംകൊണ്ടും ജാപ്പനീസ് വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന ഹയാസ്‍ ഇന്ത്യൻ വിപണിയിൽ ഇതുവരെ കമ്പനി അവതരിപ്പിച്ചിട്ടില്ല. 
 
എന്നാല്‍ ആഫ്രിക്കൻ രാജ്യങ്ങളിലും ജപ്പാനിലും ചൈനയിലും തായ്‌ലാൻഡിലും വിപണിയിലുള്ള ഈ വാഹനം ഗ്രീൻലാൻഡ് ട്രാവൽസാണ്ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ജപ്പാനില്‍നിന്ന് തായ്‌ലാൻഡിലെത്തിച്ച ഈ വാഹനത്തില്‍ ഏകദേശം 1.02 കോടി രൂപ മുടക്കി ലക്ഷ്വറി മോ‍ഡിഫിക്കേഷനുകൾ നടത്തിയ ശേഷമാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. 
 
ഓട്ടമാറ്റിക്ക് സ്ലൈഡിങ് ഡോറാണ് ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്. ആഡംബത്തിനു മുൻതൂക്കം നൽകിയാണ് വാഹനത്തിന്റെ ഇന്റീരിയർ. ഓട്ടമാറ്റിക്ക് അഡ്ജസ്റ്റ്മെന്റുള്ള പുഷ്ബാക്ക് സീറ്റുകൾ, തൈ സപ്പോർട്ട്, ലംബാർഡ് സപ്പോർട്ട് എന്നിവയുമുണ്ട്. സീറ്റുകളില്‍ മൂന്ന് ടൈപ്പ് മസാജ് ഫങ്ഷനും നൽകിയിട്ടുണ്ട്. അതോടൊപ്പം മ്യൂസിക്ക് സിസ്റ്റം, എൽസിഡി ടിവി എന്നിവയും വാഹനത്തിലുണ്ട്.
 
ആരെയും ആകർഷിക്കുന്ന തരത്തിലാണ് ഇന്റീരിയർ ലൈറ്റുകളുടേയും റൂഫിന്റേയും ഡിസൈൻ. യാത്ര കൂടുതൽ സുഖകരമാക്കി മാറ്റുന്നതിനായി മികച്ച സസ്പെൻഷനാണ് വാഹനത്തിനു നല്‍കിയിട്ടുള്ളത്.
ടൊയോട്ട ഫോർച്യൂണറിന് കരുത്തേകുന്ന 3 ലീറ്റർ എൻജിൻ തന്നെയാണ് ഹയാസിലും. ഈ എൻജിൻ 3400 ആർപിഎമ്മിൽ 100 കിലോവാൾട്ട് കരുത്തും 1200 ആർപിഎമ്മിൽ 300 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക. 

വെബ്ദുനിയ വായിക്കുക