അനധികൃതമായി വായ്‌പ അനുവദിച്ചു; ചന്ദ കൊച്ചറിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നോട്ടീസ്

ശനി, 26 മെയ് 2018 (11:50 IST)
വീഡിയോകോണിന് 3250 കോടി രൂപയുടെ വായ്‌പ അനധികൃതമായി അനുവദിച്ച കേസിൽ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറിന് നോട്ടീസ് അയച്ചു. ബാങ്കും വീഡിയോകോൺ ഗ്രൂപ്പും തമ്മിൽ നടന്ന ഇടപാടുകളിൽ വിശദീകരണം ആരാഞ്ഞാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
 
ചന്ദ കൊച്ചറിന്റെ ഭർത്താവ് ദീപക് കൊച്ചറും വീഡിയോകോൺ ഗ്രൂപ്പ് ഹെയർമാൻ വേണുഗോപാൽ ധൂതും ചേർന്ന് കോടികൾ വായ്പയായി സംഘടിപ്പിച്ച് വിദേശത്തുള്ള ഷെൽ കമ്പനികളിൽ നിക്ഷേപിച്ചതായാണ് ആക്ഷേപം. ഇതിൽ സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
 
എന്നാൽ ഈ സാഹചര്യത്തിൽ എംഡി സ്ഥാനത്ത് തുടരുക ചന്ദ കൊച്ചറിന് എളുപ്പമാകില്ല. അവരെ മാറ്റണമെന്ന അഭിപ്രായം ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ ഉയർന്നിരുന്നു. അതേസമയം, മാനേജിംഗ് ഡയറക്‌ടർക്ക് നോട്ടീസ് ലഭിച്ച കാര്യം അധികൃതർ സ്ഥിരീകരിച്ചു. നോട്ടീസിന് ഉചിതമായ മറുപടി നൽകുമെന്നും ബാങ്ക് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍