സമുദ്രോൽപന്ന കയറ്റുമതിയില്‍ കേരളം കിതയ്ക്കുന്നു

ശനി, 25 ജൂലൈ 2015 (09:19 IST)
സംസ്ഥാനത്തു  നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയില്‍ കേരളം കിത്യ്ക്കുന്നതായി കണക്കുകള്‍. ഒരുകാലത്ത് രാജ്യത്തുനിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തു നിന്നിരുന്ന കേരളത്തിന്റെ സ്ഥാനം ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൊട്ടുപിന്നില്‍ നില്‍ക്കുന്ന ഗുജറാത്ത് അടുത്ത വര്‍ഷം കേരളത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്ന് ഏറെക്കുറെ ഉറപ്പായി. കേരളത്തില്‍ മത്സ്യകൃഷി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതാണ് ഇതിനു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

ചെമ്മീനും മറ്റു മൽസ്യങ്ങളും ഉൾപ്പെടെ അക്വ കൾച്ചറിൽ മറ്റു സംസ്ഥാനങ്ങൾ വളരുമ്പോൾ കേരളത്തിലെ നെൽപ്പാടങ്ങളിൽ വർഷത്തിലൊരു തവണ പോലും മൽസ്യകൃഷിക്ക് എൻഒസി നൽകുന്നുമില്ല. ചെമ്മീൻ മാത്രം കൃഷി ചെയ്യുന്ന ആന്ധ്രയ്ക്ക് വില കൂടുതൽ ലഭിക്കുന്നതിനാൽ മൂല്യവും കൂടിയിരിക്കുന്നു. കേരളത്തിലാകട്ടെ കടലിൽ നിന്നുള്ള മൽസ്യ വരവ് കൂടുന്നില്ലെന്നു മാത്രമല്ല ചെറിയ തോതിൽ കുറയുകയും ചെയ്തിട്ടുണ്ട്. തരിശു നെൽപ്പാടങ്ങളിൽ മൽസ്യക്കൃഷി അനുവദിക്കുകയാണൊരു പോംവഴി. എന്നാല്‍ ഒരു പൂക്കൃഷി നെല്ലിനു ശേഷം മൽസ്യക്കൃഷിക്കായി അനുവാദം ചോദിച്ചാലും റവന്യൂ വകുപ്പിൽ നിന്നു നൽകാറില്ല. ഇതും കേരളത്തിന് തിരിച്ചടിയാകുന്നു.

സമുദ്രോൽപന്ന കയറ്റുമതിയുടെ അളവിലും മൂല്യത്തിലും കേരളമായിരുന്നു മുന്നിൽ. എന്നാൽ കഴിഞ്ഞ വർഷം (2014–15) കേരളം മൂല്യത്തിൽ രണ്ടാംസ്ഥാനത്തായി. മൂല്യത്തിൽ ആന്ധ്ര കേരളത്തിന്റെ ഇരട്ടിയോളം കയറ്റുമതി ചെയ്യുന്നു. കേരളം കഴിഞ്ഞ വർഷം 5166 കോടിയുടെ കയറ്റുമതി ന‍ടത്തിയപ്പോൾ ആന്ധ്ര 9671 കോടിയുമായി ഒന്നാം സ്ഥാനത്തെത്തി.ചെമ്മീൻ കൃഷിയും ചെമ്മീനിന്റെ കയറ്റുമതിയും കൂടുതലായതിനാലാണ് ഗുജറാത്തിനേയും പിന്നിലാക്കി ആന്ധ്ര മൂല്യത്തിൽ ഒന്നാം സ്ഥാനം നേടിയത്. കയറ്റുമതിയില്‍ ഒന്നാം സ്ഥാനം ഇപ്പോല്‍ ഗുജറാത്തിനാണ് ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കേരളത്തേക്കാൾ 78780 ടൺ കൂടുതലാണ് ഗുജറാത്തിന്റെ കയറ്റുമതി.

കേരളം കഴിഞ്ഞ വർഷം നേടിയ വളർച്ചാ നിരക്ക് അര ശതമാനം പോലുമില്ല. മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ കയറ്റുമതിയിൽ 1056 ടൺ മാത്രം കൂടിയപ്പോൾ ആന്ധ്രയ്ക്ക് 25106 ടണ്ണാണു കൂടിയത്. ആന്ധ്രയ്ക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിലേറെ വളർച്ച. കയറ്റുമതിയുടെ അളവിൽ മുൻ വർഷങ്ങളിൽ ഗുജറാത്ത് 130%, മഹാരാഷ്ട്ര 113% എന്നിങ്ങനെ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക