യൂറിയ ഉള്‍പ്പടെയുള്ള മേഖലകളില്‍ വിലക്കയറ്റം വ്യാപിക്കുന്നതോടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റവന്യു ചെലവ് ബജറ്റ് എസ്റ്റമേറ്റിനേക്കാള്‍ ഉയരുമെന്നാണ് കരുതുന്നത്. 2023 സാമ്പത്തിക വർഷത്തിൽ അസംസ്‌കൃത എണ്ണ ബാരലിന് 70-75 ഡോളര്‍ നിലവാരത്തിലായിരിക്കുമെന്ന കണക്കുകൂട്ടലാണ് ബജറ്റിനോടനുബന്ധിച്ചുള്ള സാമ്പത്തിക സര്‍വെ തയ്യാറാക്കിയത്. എന്നാൽ യുക്രെയ്‌ൻ-റഷ്യ സംഘർഷത്തിനെ തുടർന്ന് 90 ഡോളറിന് മുകളിലാണ് ക്രൂഡ് വില.
ആഗോള വിപണിയില്‍ ഉയര്‍ന്ന വില തുടരുന്നതിനാല്‍ രാജ്യത്തെ റീട്ടെയില്‍ വില വര്‍ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ക്ക് മുന്നോട്ടുപോകാനാവില്ല. ഇത് രാജ്യത്തെ മൊത്തവില സൂചികയെ നേരിട്ട് ബാധിക്കും. ഒമിക്രോൺ ഭീഷണിയെ തുടർന്ന് ഏറെനാളായി ആർബിഐ പണവായ്‌പ നയത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ വിലക്കയറ്റസൂചിക മുകളിലേക്ക് പോകുന്ന സാഹചര്യത്തിൽ വരുന്ന വായ്പാനയത്തില്‍ നിരക്കുയര്‍ത്താതെ മുന്നോട്ടുപോകാന്‍ ആര്‍ബിഐക്കാവില്ല. അതോടെ വിലക്കറ്റത്തോടൊപ്പം പലിശ നിരക്ക് വര്‍ധനയും രാജ്യം നേരിടേണ്ടിവരും.