വില്‍പ്പനക്കാര്‍ ലാഭം കുറയ്ക്കാത്തത് വിലക്കയറ്റത്തിനു കാരണമാകുന്നു: രഘുറാം രാജന്‍

ശനി, 19 സെപ്‌റ്റംബര്‍ 2015 (10:41 IST)
രാജ്യത്ത് ഇപ്പോഴും വിലക്കയറ്റമുണ്ടെന്നും വിലക്കയറ്റത്തോത് താഴ്ന്നുനിൽക്കുന്നതായി തോന്നുന്നത് കഴിഞ്ഞ വർഷം ഇതേസമയത്തെ വളരെ ഉയർന്ന നിലയുമായി താരതമ്യപ്പെടുത്തുന്നതുകൊണ്ടാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. വിലക്കയറ്റത്തോത് താഴ്ന്നുനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൊത്തവില സൂചിക പൂജ്യത്തെക്കാൾ താഴ്ന്ന നിലയിൽ തുടരുമ്പോൾ, അതായത് വില മുൻകൊല്ലത്തെക്കാൾ കുറഞ്ഞിരിക്കുമ്പോൾ ഉൽപന്നങ്ങളുടെ ചില്ലറ വിൽപന വില കൂടുന്നു എന്നതിനർഥം വിൽപനക്കാർ ലാഭം കുറയ്ക്കുന്നില്ല എന്നാണ്. മൊത്ത വിലയുടെ അടിസ്ഥാനത്തിലും ചില്ലറ വിൽപന വിലയുടെ അടിസ്ഥാനത്തിലുമുള്ള വിലക്കയറ്റത്തോതുകൾ തമ്മിലുള്ള അന്തരം ഗുരുതരമായ പ്രശ്നമാണ് - അദ്ധേഹം പറഞ്ഞു.

ഇപ്പോൾ യഥാർഥത്തിൽ വിലക്കയറ്റം അഞ്ചു ശതമാനത്തിലേറെയാണെന്നും സ്ഥിരമായി വിലക്കയറ്റത്തോത് കുറച്ചു നിർത്തുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  റിസർവ് ബാങ്ക് ഇക്കൊല്ലം 0.75% വായ്പാ പലിശ കുറച്ചിട്ടും ബാങ്കുകൾ ശരാശരി 0.30% മാത്രമേ കുറച്ചുള്ളൂ എന്നതിനാൽ വിഷമിക്കാനില്ല; നിക്ഷേപ പലിശനിരക്കുകൾ കുറയ്ക്കുന്നതിനു സമയമെടുക്കും എന്നതിനാലാണ് കാലതാമസം വരുന്നത് – റിസർവ് ബാങ്ക് ഗവർണർ വിശദീകരിച്ചു.

വെബ്ദുനിയ വായിക്കുക