രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞു!

ചൊവ്വ, 15 ജൂലൈ 2014 (11:34 IST)
രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞതായി റിപ്പോര്‍ട്ട്! പണപ്പെരുപ്പ നിരക്ക് നാലുമാസത്തേ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നാണ് വിലയിരുത്തല്‍. ഭക്ഷ്യ വിലക്കയറ്റം കുറയുകയും ഉള്ളിവില താഴ്ന്നതുമാണ് പണപ്പെരുപ്പം കുറയാന്‍ സഹായകമായത്.
 
രാജ്യത്തേ പണപ്പെരുപ്പം ജൂണില്‍ 5.43 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. മെയില്‍ ഇത് 6.01 ശതമാനമായിരുന്നു. ജൂണില്‍ ഭക്ഷ്യ വിലപ്പെരുപ്പം 9.50 ശതമാനത്തില്‍ നിന്ന് 8.14 ശതമാനമായി കുറഞ്ഞു. ഉള്ളിവിലയില്‍ 10.70 ശതമാനം താഴ്ച രേഖപ്പെടുത്തി. മുന്‍ മാസം ഇത് 2.83 ശതമാനമായിരുന്നു.  
 
ഇന്ധന, ഊര്‍ജ മേഖലകളില്‍ പണപ്പെരുപ്പം കുറഞ്ഞത് സര്‍ക്കാരിന് ഭാവിയില്‍ ആശ്വാസം പകരും. അതേസമയം, ഉരുളക്കിഴങ്ങിന്റെ വിലയില്‍ 42.52 ശതമാനം വര്‍ധനയുണ്ടായി. മെയില്‍ ഇത് 31.44 ശതമാനമായിരുന്നു. ധാന്യങ്ങളുടെ വിലയില്‍ 5.33 ശതമാനം മാത്രമാണ് വര്‍ധന. പഴങ്ങളുടെ വില 21.40 ശതമാനവും പാല്‍ വില 10.82 ശതമാനവും ഉയര്‍ന്നു.
 
കാലവര്‍ഷം മോശമായതിനാല്‍ വരും മാസങ്ങളില്‍ രാജ്യത്ത് പല മേഖലകളിലും വരള്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതൊടെ  ആര്‍ബിഐ, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണ്. വരള്‍ച്ച പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിനാല്‍ കരുതല്‍ നടപടി എന്ന നിലയിലാണ് പലിശ നിരക്ക് കുറക്കാതിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക