ക്രൂസറുകളിലെ കറുത്ത ഭീകരൻ; പിയാജിയോ മോട്ടോഗുസി ‘ഒഡാച്ചെ’ !

വെള്ളി, 3 മാര്‍ച്ച് 2017 (12:51 IST)
പിയാജിയോ നിരയിലെ കരുത്തനും വ്യത്യസ്തനുമായ മോട്ടോഗുസി എത്തുന്നു. രൂപകൽപനയിലെ വ്യത്യസ്തകൊണ്ടും സൗന്ദര്യത്തിലും വേറിട്ടു നിൽക്കുന്ന മോട്ടോ ഗുസിയുടെ ക്രൂസർ ബൈക്കായ ‘ഒഡാച്ചെ’യുമായാണ് പിയാജിയോ എത്തുന്നത്. 21 ലീറ്റര്‍ ശേഷിയുള്ള ടാങ്കാണ് ഈ ബൈക്കിനുള്ളത്. 10-12 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ഒരു ലീറ്ററിനു ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. 
 
പുറത്തേക്കു തള്ളി നിൽക്കുന്ന എൻജിനും വലിയ ടയറുകളും കറുപ്പ് നിറവുമാണ് ഈ ബൈക്കിന്റെ ഏറ്റവും വലിയ സവിശേഷത. ഒറ്റ ഡയൽ ഡിജിറ്റൽ മീറ്റർ കൺസോൾ, വീതിയേറിയ ഒറ്റ പൈപ്പ് പോലുള്ള ഹാൻഡിൽ ബാർ, വെള്ളി ചുറ്റുള്ള ഉരുണ്ട ഹെഡ്‌ലൈറ്റ്, നീളമേറിയ എൽഇഡി ബ്രേക്ക് ലൈറ്റ് ഘടിപ്പിച്ച വിലിയ മഡ്ഗാഡ്,  മൾട്ടി സ്പോക്ക് അലോയ് വീൽ, ഇരട്ട ഷോർട് സൈലൻസർ എന്നീ ഫീച്ചറുകള്‍ ഈ ബൈക്കിലുണ്ട്. 
 
1380 സിസി 90 ഡിഗ്രി വി ട്വിൻ എയർ–ഓയിൽ കൂൾഡ് എൻജിനാണ് ഈ ബൈക്കിനു കരുത്തേകുന്നത്. 6500 ആർപിഎമ്മിൽ 96 ബിഎച്ച്പി കരുത്തും 3000 ആർപിഎമ്മിൽ 120 എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് ട്രാൻസ്മിഷനാണ് ഈ ബൈക്കിനുള്ളത്. എൻജിൻ കരുത്ത് വീലിലേക്കു പകരുന്നതിനായി ഒരു ഷാഫ്റ്റും ഈ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
മുന്നോട്ടു കയറിയ ഫുഡിപെഗ്ഗും വീതിയേറിയ വലിയ സീറ്റുമാണ് ഇതിലുള്ളത്. ഡ്രാഗ് ബൈക്കുകളുടേതു പോലുള്ള ഹാൻഡിൽ ബാറാണ് ഈ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹെവി ക്ലച്ച്, ഇരു വീലുകള്‍ക്കും എന്‍‌ജിന് അനുയോജ്യമായ രീതിയിലുള്ള ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാക്‌ഷൻ കൺട്രോളും എബിഎസും ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക