മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്ക് ‘സ്വിഫ്റ്റി’നു പുതിയ പരിമിതകാല പതിപ്പ് അവതരിപ്പിച്ചു. പണത്തിനു കൂടുതൽ മൂല്യം അഗ്രഹിക്കുന്നവരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ‘സ്വിഫ്റ്റ് ഡി എൽ എക്സ്’ എത്തുന്നത്. ‘സ്വിഫ്റ്റി’ന്റെ അടിസ്ഥാന മോഡലുകളായ ‘എൽ എക്സ് ഐ’യും ‘എൽ ഡി ഐ’യും ആധാരമാക്കിയാണു മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡി എൽ എക്സ്’ ആവിഷ്കരിച്ചത്.
‘സ്വിഫ്റ്റി’ന്റെ ഇടത്തരം വകഭേദമായ ‘വി എക്സ് ഐ’യിലും ‘വി ഡി ഐ’യിലും കാണാറുള്ള ചില സൗകര്യങ്ങളും സംവിധാനങ്ങളും മാരുതി ‘സ്വിഫ്റ്റ് ഡി എൽ എക്സി’ൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തീയതി, സമയം, ശരാശരി ഇന്ധനക്ഷമത തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്ന മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും കാറിലുണ്ട്. കൂടുതൽ സുരക്ഷ ലക്ഷ്യമിട്ട് സെൻട്രൽ ലോക്കിങ്ങ്, സ്മാര്‍ട്ട് വാണിങ്ങ് ഇൻഡിക്കേറ്റർ, ചൈൽഡ് സേഫ്റ്റി ലോക്ക്, എൻജിൻ ഇമ്മൊബിലൈസർ എന്നിവയും ലഭ്യമാണ്.
ബ്ലൂടൂത്ത് കണക്ടിവിറ്റി, മുൻ വാതിലുകളിലെ സ്പീക്കര്‍, യു എസ് ബിയുംസഹിതം ടു ഡിൻ സോണി എഫ് എം മ്യൂസിക് സിസ്റ്റം, പൂർണമായും പവർ വിൻഡോ, ഫോഗ് ലാംപ്, ബോഡിയുടെ നിറമുള്ള ഹാൻഡിലും ഡോർ മിററും, കറുപ്പ് നിറത്തിലുള്ള ബി പില്ലർ എന്നിവയും കാറിലെ മറ്റു പ്രധാന മാറ്റങ്ങളാണ്. കൂടാതെ പെട്രോൾ വകഭേദത്തിന് 1.2 ലീറ്റർ, നാലു സിലിണ്ടർ, വി ടി വി ടി, കെ സീരീസ് എൻജിനും ഡീസൽ വിഭാഗത്തിൽ 1.3 ലീറ്റർ, നാലു സിലിണ്ടർ, ഡി ഡി ഐ എസ് എൻജിനുമാണു കരുത്തേകുന്നത്.
‘സ്വിഫ്റ്റി’ന്റെ പുതുതലമുറ മോഡൽ ഒക്ടോബറിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. ഗുജറാത്തിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പ്ലാന്റിൽ നിന്ന് അടുത്ത വർഷത്തോടെ ഈ കാർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെത്തും. പെട്രോൾ എൻജിനോടെ എത്തുന്ന വാഹനത്തിന് 4.54 ലക്ഷം രൂപയും ഡീസൽ എൻജിനോടെയെത്തുന്നതിന് 5.95 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിൽ വില.