വരുന്നു... ഫോര്‍ വീല്‍ ഡ്രൈവ് മോഡലുമായി മാരുതി ജിപ്സിയുടെ രണ്ടാം തലമുറ‍

Webdunia
ബുധന്‍, 27 ജൂലൈ 2016 (10:47 IST)
ഓൺറോഡും ഓഫ്റോഡും ഒരുപോലെ ഇണങ്ങുന്ന സുസുക്കിയുടെ ചെറു എസ് യു വി ജിംനി ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്‍‌മെന്റിലേയ്ക്ക് അങ്കത്തിനെത്തുന്നു. രാജ്യാന്തര വിപണിയില്‍ ജിംനിയുടെ നാലാം തലമുറ ഇന്ത്യയിലെ ജിപ്സിയുടെ രണ്ടാം തലമുറയായിട്ടാകും വിപണിയില്‍ എത്തുന്നത്. ഡീസൽ എൻജിനില്‍ വാഹനം വിപണിയിലെത്താന്‍ സാധ്യതയില്ലെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.
 
ബലേനൊയും മാരുതി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്‍‌നിസും നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് ജിംനിയും നിര്‍മിക്കുന്നത്. മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ 2017ല്‍ ജിംനിയുടെ നിര്‍മാണം ആരംഭിക്കും. യൂറോപ്പിലേയും ജപ്പാനിലേയും ദക്ഷിണേഷ്യയിലേയും ബ്രസീലിലേയും വിപണികളിലേക്കുള്ള ജിംനിയാണ് ആദ്യഘട്ടത്തില്‍  ഇന്ത്യയിൽ നിർമിക്കുന്നത്. 
 
1998 മുതൽ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരുന്ന ജിംനിയുടെ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുക. ആദ്യഘട്ടത്തില്‍ 1.4 ലീറ്റർ ബൂസ്റ്റർജെറ്റ്, 1 ലീറ്റർ ബൂസ്റ്റർജെറ്റ് എന്നീ എന്‍ജിനുകളുമായാണ് ജിംനി എത്തുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലുമായി ജിപ്സി എന്ന പേരില്‍ ഇന്ത്യയിൽ പുറത്തിറങ്ങുന്ന വാഹനം വിപണിയില്‍ വന്‍ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article