ഓണം കഴിഞ്ഞ് ഇരിക്കുകയാണോ! ആധാർ അപ്ഡേറ്റ്, പാൻ കാർഡ് ലിങ്ക് : സെപ്റ്റംബറിൽ ചെയ്യാൻ കാര്യങ്ങൾ അനവധി, അവസാന തീയ്യതികൾ ഇതെല്ലാം
ഓണത്തിന്റെ തിരക്കുകളും കുടുംബത്തിന്റെ ഒത്തുകൂടലുമെല്ലാം കഴിഞ്ഞ് ഒരു ആലസ്യത്തില്‍ ഇരിക്കുന്നവരാകും ഇപ്പോള്‍ മലയാളികളെല്ലാവരും തന്നെ. എന്നാല്‍ ആധാര്‍ അപ്‌ഡേഷന്‍ അടക്കം പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാനുള്ള സമയപരിധി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവസാനിക്കാന്‍ പോകുകയാണ്. സെപ്റ്റംബർ മാസത്തില്‍ നിര്‍ബന്ധമായും ചെയ്ത് തീര്‍ക്കേണ്ട പല സാമ്പത്തികകാര്യങ്ങളും ഉണ്ട്. സെപ്റ്റംബറില്‍ ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളും അതിന്റെ അവസാന തീയ്യതികളും അറിയാം.
ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആധാര്‍ രേഖകള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 14 ആണ്. നേരത്തെ ജൂണ്‍ 14 ആയിരുന്ന തീയ്യതി വീണ്ടും നീട്ടിയാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. ഇത് കൂടാതെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാനതീയ്യതി അവസാനിക്കുന്നതും സെപ്റ്റംബറിലാണ്.സെപ്റ്റംബര്‍ 30 ആണ് ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയ്യതി. 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആര്‍ബിഐ അനുവദിച്ച സമയപരിധിയും സെപ്റ്റംബര്‍ 30ന് അവസാനിക്കും. സെപ്റ്റംബര്‍ കഴിയുന്നതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം അവസാനിക്കും.
സെബിയുടെ ട്രേഡിംഗ്, ഡീമാറ്റ് ആക്കൗണ്ട് ഉടമകള്‍ക്ക് നോമിനേഷന്‍ നല്‍കാനും നോമിനിയെ ഒഴിവാക്കാനുമുള്ള പുതുക്കിയ സമയപരിധിയും സെപ്റ്റംബറില്‍ അവസാനിക്കും. സെപ്റ്റംബര്‍ 30 തന്നെയാണ് ഇതിനുള്ള അവസാന തീയ്യതി. മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്ബിഐ നല്‍കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയായ എസ്ബിഐ വീ കെയര്‍ പദ്ധതിയില്‍ ഭാഗമാകാനുള്ള അവസാനതീയ്യതിയും സെപ്റ്റംബര്‍ 30 ആണ്.