മഹീന്ദ്ര സ്‌കോര്‍പിയോയുടെ അഡ്വഞ്ചര്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിച്ചു. ഫോര്‍ വീല്‍ എസ്‌യുവി ശ്രേണയിലേക്കുള്ള തിരിച്ച് വരവ് ലക്ഷ്യമാക്കിക്കൊണ്ടാണ് ഇപ്പോള്‍ സ്‌കോര്‍പിയോ അഡ്വഞ്ചര്‍ എഡിഷനെ മഹീന്ദ്ര അവതരിപ്പിച്ചിട്ടുള്ളത്. ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന സ്കോര്‍പിയോയ്ക്ക് യഥാക്രമം 13.10 ലക്ഷം രൂപയും, 14.20 ലക്ഷം രൂപയുമാണ് വില.
2.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് m-Hawk ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ അഡ്വഞ്ചറിന് കരുത്തേകുന്നത്. 120 ബി എച്ച് പി കരുത്തും 280 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ രണ്ട് വേരിയന്റുകളിലും മഹീന്ദ്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസൈനിലും പ്രകടമായ മാറ്റങ്ങള്‍ ഈ എസ് യു വിയില്‍ വരുത്തിയിട്ടുണ്ട്.
ഡ്യൂവല്‍ ടോണ്‍ പെയിന്റിംഗും, ഗ്രാഫിക്‌സുമാണ് എടുത്തു പറയാവുന്ന പ്രത്യേകതകള്‍. പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ എന്നിവയും അതോടൊപ്പം സ്‌പോര്‍ടി ലുക്കോട് കൂടിയ ക്ലാഡിംഗും വാഹനത്തെ ആകര്‍ഷകമാക്കുന്നു. ഒആര്‍വിഎമിലുള്ള ഇന്‍ഡിക്കേറ്ററുകള്‍, സ്‌മോക്ക്ഡ് ടെയില്‍ ലാമ്പ്, ഗണ്‍മെറ്റലില്‍ തീര്‍ത്ത 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.
എക്‌സ്റ്റീരിയറിനോടൊപ്പം തന്നെ ഇന്റീരിയറിലും മഹീന്ദ്ര ഇത്തവണ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സീറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ ഡ്യൂവല്‍ ടോണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഇന്റീരിയറിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നുണ്ട്. എന്തുതന്നെയായാലും വിപണിയിലെ പഴയ പ്രതാപ കാലത്തിലേക്ക് അഡ്വഞ്ചര്‍ എഡിഷനിലൂടെ സ്‌കോര്‍പിയോയ്ക്കും മഹീന്ദ്രയ്ക്കും എത്താന്‍ സാധിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.