ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിനായി കുറച്ചുകൂടി കാത്തിരിക്കണം !

ശനി, 28 സെപ്‌റ്റംബര്‍ 2019 (14:00 IST)
പ്രീമിയം ഹാച്ച്‌ബാക്കായ ആൾട്രോസിനെ ടാറ്റ ഉടൻ വിപണിയിലെത്തിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വാഹനം അടുത്ത വർഷം ആദ്യത്തോടെ മാത്രമേ വിപണിയിൽ അവതരിപ്പിക്കു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിഎസ് 6 എഞിനിലായിരിക്കും ആൾട്രോസ് അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുക.
 
വാഹനത്തെ വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി വാഹനത്തിന് പ്രത്യേക വെബ്സൈറ്റ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വെബി‌സൈറ്റിലൂടെ ആൾട്രോസിന്റെ കൂടുതൽ ചിത്രങ്ങളും ടാറ്റ നേരത്തെ പുറത്തുവിട്ടിരുന്നു. ന്യുഡൽഹി ഓട്ടോഷോയിലാണ് പ്രദർശിപ്പിച്ച 45 എക്സ് എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ടാറ്റ ആൾട്രോസ് ഒരുക്കിയിരിക്കുന്നത്.    
 
ടാറ്റയുടെ ഇംപാക്ട് ഡിസൈൻ 2.0യിലാണ് ആൾട്രോസിന്റെ രൂപ‌കൽപ്പന. ജാഗ്വാർ ലാൻഡ് റോവറിന്റെ സാങ്കേതിക സഹായം ഉൾക്കൊണ്ടുകൊണ്ടാണ് ആൾട്രോസ് എത്തുന്നത് എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രിമിയം ഫീച്ചറുകൾ ഉൾക്കൊള്ളുന്നതായിരികും ടാറ്റ ആൾട്രോസ്. ഹാച്ച്‌ബാക്ക് വിഭാഗത്തിലെ തന്നെ ഏറ്റവും മികച്ച കരുത്തും ഇന്റീരിയർ ഫീച്ചറുകളും ഉള്ള വാഹനമാണ് ആൾട്രോസ് എന്നാണ് ടാറ്റ അവകാശപ്പെടുന്നത്.
 
കടൽപക്ഷിയായ ആൾട്രോസിൽനിന്നുമാണ് ടാറ്റ വാഹനത്തിന് പേര് കണ്ടെത്തിയിരിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിനുകളിലായിരിക്കും ആൾട്രോസ് വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെക്സണിലെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, ടിയാഗോയിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുമാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍