കൊച്ചി പഴയ കൊച്ചിയല്ല... വായിക്കുമ്പോള്‍ പരിചിതമയൊരു സിനിമാ ഡയലോഗ് പോലെ തോന്നാറുണ്ട് അല്ലെ. ഡയലോഗൊക്കെ അവിടെയിരിക്കട്ടെ, കാര്യം കൊച്ചി കേരളത്തിലാണെങ്കിലും കേരളക്കരക്കാകെ അഭിമാനമായി മാറുകയാണ് ഈ കിഴക്കിന്റെ വെനീസ്. വിനോദസഞ്ചാര രംഗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച 10 നഗരങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ നമ്മുടെ കൊച്ചി.
യൂറോപ്പ്, വടക്ക്-മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാന, തെക്ക് കിഴക്കന്‍ ഏഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളാണ് പട്ടികയ്ക്കായി പരിഗണിച്ചത്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊച്ചി. ആഗോള ഓണ്‍ലൈന്‍ ഹോട്ടല്‍ സേര്‍ച്ച് സൈറ്റായ ട്രിവാഗോയാണ് പട്ടിക പുറത്തുവിട്ടത്.
അതേ സമയം സഞ്ചാരികള്‍ അവസാന നിമിഷം തിരഞ്ഞെടുക്കുന്ന കുറഞ്ഞ ചെലവിലുള്ള ആഡംബരവുമായ, ടൂറിസം കേന്ദ്രങ്ങളുടെ കൂട്ടത്തിലാണ് നമ്മുടെ കൊച്ചിയും സ്ഥാനം പിടിച്ചിരിക്കുന്നത്. കൊച്ചിയില്‍ ടൂറിസ്റ്റുകള്‍ക്ക് ഒരു രാത്രി ചെലവിടാന്‍ ശരാശരി 5,660 രൂപയാകുമെന്ന് പട്ടിക വിലയിരുത്തുന്നു. ഇതിനു കാരണം സ്വകാര്യ വിമാനക്കമ്പനികള്‍ കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന്റെ നിരക്ക് കുറച്ചതായിരിക്കാമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ നിന്ന് ആഗ്ര, അഹമ്മദാബാദ്, പനാജി എന്നീ നഗരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ചൈനയിലെ സുഹായ് നഗരമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. യു.പി.യിലെ ആഗ്ര രണ്ടാം സ്ഥാനത്തും ഗുജറാത്തിലെ അഹമ്മദാബാദ് മൂന്നാമതുമെത്തി. ആഗ്രയില്‍ 5,220 രൂപയും അഹമ്മദാബാദില്‍ 5,275 രൂപയുമാണ് ഒരു രാത്രി തങ്ങാനുള്ള ശരാശരി ചെലവ്.