കാനറാ ബാങ്ക് ലാഭത്തില്‍ വര്‍ധന

ശനി, 31 മെയ് 2014 (11:56 IST)
കാനറാ ബാങ്കിന്റെ  പ്രവര്‍ത്തന ലാഭം വര്‍ധിച്ചു. കഴിഞ്ഞ ജനുവരി - മാര്‍ച്ച് പാദത്തില്‍ ബാങ്ക് 49.4 ശതമാനം വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത്. 611 കോടി രൂപയാണ് ഇക്കാലയളവിലെ ലാഭം. തൊട്ടു മുമ്പത്തെ പാദത്തില്‍ ഇത് 409 കോടി രൂപയായിരുന്നു.

നിഷ്ക്രിയ ആസ്തിയില്‍ കുറവുണ്ടായതാണ് ഇക്കാലയളവില്‍ ഉണ്ടായ എടുത്തു പറത്തക്ക നേട്ടം. അറ്റ നിഷ്‌ക്രിയ ആസ്‌തി ഇക്കാലയളവില്‍ 2.18 ശതമാനത്തില്‍ നിന്ന് 1.98 ശതമാനമായി കുറഞ്ഞു. അതേസമയം മൊത്തം നിക്ഷേപം 18.2 ശതമാനം ഉയര്‍ന്ന് 4.21 ലക്ഷം കോടി രൂപയും വായ്‌പകള്‍ 24.3 ശതമാനം ഉയര്‍ന്ന് 3.01 ലക്ഷം കോടി രൂപയും രേഖപ്പെടുത്തി.

400 കോടി രൂപയാണ് വിദ്യാഭ്യാസ വായ്‌പായിനത്തില്‍ കഴിഞ്ഞ വര്‍ഷം ബാങ്ക് നല്‍കിയത്. ഇനി നടപ്പു വര്‍ഷം ഇത് 500 കോടി രൂപയാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് മൊത്തം 1,027 പുതിയ ശാഖകള്‍ തുറന്നു. നടപ്പു വര്‍ഷം 1,250 പുതിയ ശാഖകള്‍ തുറക്കും. ഇതില്‍ 377 എണ്ണം കേരളത്തിലായിരിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് നേടിയ മൊത്തം ലാഭം 2,438 കോടി രൂപയാണ്. മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തേക്കാള്‍ 20.7 ശതമാനം ഉയര്‍ന്ന്  7.22 ലക്ഷം കോടി രൂപയിലെത്തി. അതേസമയം ബാങ്കിന്റെ മൊത്തം ബിസിനസ് നടപ്പു വര്‍ഷം 8.5 ലക്ഷം കോടി രൂപയായും ബ്രാഞ്ചുകളുടെ എണ്ണം 6,000മായും എ.ടി.എമ്മുകളുടെ എണ്ണം 10,000 ആയും ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് കാനറാ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ ആകെ ദുബേ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക