ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനേ കൂട്ടി ടെലികോം കമ്പനികള്‍
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:01 IST)
രാജ്യത്തേ പ്രമുഖ ടെലികോം കമ്പനികള്‍ തങ്ങളുടെ ഇന്റര്‍നെറ്റ് താരിഫ് നിരക്കുകള്‍ കുത്തനേ കൂട്ടി. 33 ശതമാനം മുതല്‍ നൂറുശതമാനം വരെ വര്‍ധനവാണ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്. മൊബൈല്‍ സേവനമേഖലയില്‍ 57 ശതമാനത്തിന്റെ വിപണിപങ്കാളിത്തമുള്ള ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ 33മുതല്‍ 100 ശതമാനത്തിന്റെ വരെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
ഓഫറുകളും സ്‌കീമുകളുമൊഴികെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്കാണ് ഇരട്ടിയായത്. ജൂണ്‍ മുതല്‍ സെപറ്റംബര്‍ കാലയളവിലെ നിരക്ക് വര്‍ധനയില്‍ എയര്‍ടെലാണ് അവസാനമായി രംഗത്തുവന്നത്. വോഡഫോണും ഐഡിയയും പത്തുകെ.ബിയുടെ നിരക്ക് രണ്ടുപൈസയില്‍ നിന്ന് നാലുപൈസയാക്കി.
എയര്‍ടെല്‍ 10 കെബി വരെയുള്ള ഡാറ്റയ്ക്ക് നിലവില്‍ മൂന്നു പൈസയാണ് ഈടാക്കുന്നത്. 33 ശതമാനം വര്‍ധനവോടെ ഇത് നാല് പൈസയായി. വൊഡഫോണും, ഐഡിയയും റാക്ക് നിരക്കില്‍ 100 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 10 കെബി വരെയുളള ഡാറ്റയ്ക്ക് 2 പൈസ ഈടാക്കിയിരുന്ന സ്ഥാനത്ത് 4 പൈസയാണ് വര്‍ധന.
പുതുക്കിയ നിരക്ക് നടപ്പിലാക്കിയതിനു ശേഷം വെബ്‌സെറ്റ് വഴിയാണ് പലപ്പോഴും ഉപഭോക്താക്കള്‍ ഇക്കാര്യം അറിയുന്നത്. വിപണിയുടെ 90 ശതമാനവും കൈയാളുന്നത് പ്രീപെയ്ഡ് വരിക്കാരാണ്. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴും, വെബ്‌സെറ്റിലെ അറിയിപ്പിലൂടെയുമാണ് തങ്ങള്‍ പുതുക്കിയനിരക്ക് അറിയുന്നതെന്ന് ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നു.