തണ്ടര്‍ബേര്‍ഡ് വിറയ്ക്കുമോ ? ക്രൂയിസർ സെഗ്മെന്റിൽ നിറഞ്ഞാടാന്‍ ഹോണ്ട റിബെല്‍ 300 !

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (15:50 IST)
ക്രൂയിസർ സെഗ്മെന്റിലെ കരുത്തനായ റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡിനെ മുട്ടുകുത്തിക്കാൻ ഹോണ്ട എത്തുന്നു. റിബെല്‍ 300 എന്ന ശക്തനുമായാണ് ഹോണ്ട നിരത്തിലേക്കെത്തുന്നത്. വിപണിയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരിക്കും റിബെലിനെ ഹോണ്ട ആദ്യമായി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  
 
പൂർണമായും ഇന്ത്യയിൽ നിർമിച്ച റിബെൽ കുറഞ്ഞ വിലയിലായിരിക്കും വിപണിയിൽ ലഭ്യമാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹോണ്ട സി ബി ആര്‍ 300-ന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് അടിസ്ഥാനമാക്കി തന്നെയാണ് ഈ ബൈക്കിന്റേയും നിർമാണം. 286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. 27 ബിഎച്ച്പി കരുത്തും 24 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. 
 
ക്രൂസര്‍ ഡിസൈൻ നൽകുന്ന രീതിയിൽ ഉയര്‍ന്ന് നില്‍ക്കുന്ന ഫ്യുവല്‍ ടാങ്ക് സിംഗിള്‍ ഹെഡ്ലൈറ്റ് ക്ലസ്റ്റർ, സിംഗില്‍ പോഡ് ഓള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള ഫീച്ചറുകളും റിബെലിനെ കൂടുതൽ ആകര്‍ഷകമാക്കുന്നു. ആറ് സ്പീഡ് ഗിയർ ബോക്സാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ബൈക്കിന് സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.
 
രണ്ട് ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെ വിപണി വില പ്രതീക്ഷിക്കുന്ന റിബെലിനോട് നിരത്തിൽ ഏറ്റുമുട്ടാൻ തണ്ടർബേർഡിനെ കൂടാതെ സുസുക്കി ഇൻട്രൂഡർ, ബജാജ് അവെഞ്ചർ എന്നിവരുമുണ്ടായിരിക്കും. റിബെല്‍ 300നെ കൂടാതെ റിബെല്‍ 500 ക്രൂസര്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായും വാര്‍ത്തകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍