വിപണിയില്‍ നിരാശാജനകമായ നിലയിൽ വില്പന തുടരുന്ന വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’ പിൻവലിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ആലോചിക്കുന്നു. സാഹചര്യം പ്രതികൂലമാണെന്ന തിരിച്ചറിവിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആദ്യ എം പി വി പിൻവലിക്കാൻ ഹോണ്ട ഒരുങ്ങുന്നത് എന്നാണ് വാർത്തകൾ.
2014 ജൂലൈയിൽ അരങ്ങേറ്റം കുറിച്ച ‘മൊബിലിയൊ’യുടെ പ്രതിമാസ വിൽപ്പന കഴിഞ്ഞ സെപ്റ്റംബറോടെ 3,500 യൂണിറ്റ് വരെ ഉഎത്തിയിരുന്നു. എന്നാൽ തുടർന്നു ക്രമാതീതമായ തോതില്‍ ഇടിവു രേഖപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ജനുവരിയിൽ വിൽപ്പന 441 യൂണിറ്റിലെത്തിയത്. അത് ഫെബ്രുവരിയിൽ 226 യൂണിറ്റുമായി വീണ്ടും കുറഞ്ഞു. വിപണിയില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചിരുന്ന സെഡാനായ ‘സിറ്റി’യുടെ ഉൽപ്പാദനം പോലും നിർത്തിവച്ചായിരുന്നു ഹോണ്ട ‘മൊബിലിയൊ’ നിർമാണത്തിന് ഇടമൊരുക്കിയത്.
‘മൊബിലിയൊ’യുടെ പിൻമാറ്റം സമാന വിലനിലവാരത്തോടെ വൈകാതെ വിപണിയിലെത്തുന്ന കോംപാക്ട് എസ് യു വിയായ ‘ബി ആർ വി’യുടെ വിൽപ്പനയെ സഹായിക്കുമെന്നും കമ്പനി കരുതുന്നുണ്ട്. നിർമാണം അവസാനിപ്പിച്ചാലും രണ്ടു മൂന്നു മാസത്തേക്കു കൂടി ‘മൊബിലിയൊ’ ഷോറൂമുകളിൽ ലഭ്യമാവുമെന്നാണു സൂചന. എന്നാൽ മൊബിലിയോയെ പിൻവലിക്കുന്ന വാർത്തകൾ കമ്പനി നിഷേധിച്ചിട്ടുണ്ട്. ബി ആർ വിയുടെ കൂടെ മൊബിലിയോയും വിൽപ്പനയ്ക്കുണ്ടാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഇന്ത്യൻ വിപണിയിൽ റെനോയുടെ ‘ലോജി’യും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘എർട്ടിഗ’യും ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ‘ഇന്നോവ’യുമൊക്കെയായിരുന്നു ‘മൊബിലിയൊ’യുടെ പ്രധാന എതിരാളികൾ.
കൂടുതൽ സ്ഥലസൗകര്യവും മികച്ച ഇന്ധനക്ഷമതയുമൊക്കെയുണ്ടായിട്ടും അമിത വിലയാണ് ‘മൊബിലിയൊ’യ്ക്കു വിനയായതെന്നാണ് വിലയിരുത്തൽ. ഒരേ പ്ലാറ്റ്ഫോമാണ് അടിത്തറയാവുന്നതെങ്കിലും കാഴ്ചപ്പകിട്ടിൽ ‘മൊബിലിയൊ’യെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നതും ‘ബി ആർ വി’ക്ക് അനുകൂല ഘടകമാണ്. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ബി ആർ വി’യുടെ ഔപചാരിക അരങ്ങേറ്റം മേയ് അവസാനത്തോടെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോംപാക്ട് എസ് യു വി വിപണിയിൽ ഹ്യുണ്ടേയ് ‘ക്രേറ്റ’, റെനോ ‘ഡസ്റ്റർ’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ്സ’ തുടങ്ങിയവരാകും പ്രധാനമായും ‘ബി ആർ വി’യുടെ എതിരാളികൾ.