മാറ്റ് കുറഞ്ഞ് മഞ്ഞലോഹം, സ്വര്‍ണവില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍
ചൊവ്വ, 21 ജൂലൈ 2015 (10:19 IST)
സ്വര്‍ണ വില കഴിഞ്ഞ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച രാവിലെമാത്രം നാല് ശതമാനമാണ് വിലയിടിഞ്ഞത്. ചൈന വ്യാപകമായി വിറ്റഴിച്ചതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. രണ്ട് മിനുട്ടിനിടെ ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ചില്‍ 500 കിലോ സ്വര്‍ണമാണ് വിറ്റഴിച്ചത്.രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിനു കനത്ത തകര്‍ച്ചയാണ് ഉണ്ടായത്.
ഇന്നലെ 1.7% താഴ്ന്ന് ഔൺസിന് (31.1 ഗ്രാം) 1115 ഡോളർ നിലവാരത്തിലെത്തി. യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഉയർത്താൻ സാധ്യത തെളിഞ്ഞെന്ന വാർത്ത ഉൽപന്ന വിപണിയെ സ്വാധീനിക്കുന്നു. തുടർച്ചയായി ആറാം ദിവസമാണു വില ഇടിയുന്നത്. 2010 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് ഇത്രയും വിലയിടിയുന്നത്. ഒരു വര്‍ഷത്തിനിടെ 6.4 ശതമാനമാണ് വിലയിടിവുണ്ടായത്.
ആഗോള വിപണിയിലെ വിലയിടിവ് ആഭ്യന്തര വിപണിയിലും ബാധിച്ചു. പത്ത് ഗ്രാമിന് 25,375 രൂപയിലാണ് എംസിഎക്‌സില്‍ വ്യാപാരം തുടങ്ങിയതെങ്കിലും ഉടനെ വില 24,904 രൂപയിലേയ്ക്ക് താഴ്ന്നു. മുംബൈ കട്ടിസ്വർണ വിപണിയിൽ സ്റ്റാൻഡേർഡ് സ്വർണം ഗ്രാമിന് 52 രൂപ കുറഞ്ഞ് 2525 രൂപയായി. തങ്കത്തിനും 52 രൂപ കുറഞ്ഞു. 2540 രൂപയാണു വില. കൊച്ചിയിൽ പവന് 19280 രൂപയായി. ഗ്രാമിന് 2410 രൂപ. കഴിഞ്ഞ വാരാന്ത്യത്തിൽ 19520 രൂപയായിരുന്നു. ഗ്രാമിന് 2440 രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തു വില പവന് 21160 രൂപയായിരുന്നു. ഗ്രാമിന് 2645 രൂപ.വെള്ളിക്കും വിലയിടിയുകയാണ്. മുംബൈയിൽ കിലോഗ്രാമിന് 340 രൂപ കുറഞ്ഞ് 34650 രൂപയായി.
ദുബായിൽ 22 കാരറ്റിന്റെ വില ഗ്രാമിന് 127.50 ദിർഹമായി കുറഞ്ഞു (ഏകദേശം 2205 രൂപ). ശനിയാഴ്‌ച 130.25 ദിർഹം (ഏകദേശം 2253 രൂപ) ആയിരുന്നു വില. 24 കാരറ്റിന്റെ വില ഇന്നലെ ഗ്രാമിന് 134 ദിർഹമായി (ഏകദേശം 2318 രൂപ). ശനിയാഴ്ചത്തെ വില 137.25 ദിർഹം (ഏകദേശം 2375 രൂപ).
യുഎസ് പലിശ നിരക്ക് വർധിപ്പിക്കുമെന്ന പ്രഖ്യാപനം ദിവസങ്ങൾക്കു മുൻപാണുണ്ടായത്. 2008 ലെ സാമ്പത്തിക പ്രതിസന്ധിയോടെ പലിശ നിരക്ക് പൂജ്യത്തിനോട് അടുത്തായിരുന്നത് ആദ്യമായാണ് വർധിപ്പിക്കാനൊരുങ്ങുന്നത്. സ്വർണ വിലയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ഡോളറിന്റെ കരുത്താണെന്നതു വിപണി വൃത്തങ്ങൾ പറയുന്നു.