ചൈനയിൽ നിന്നുമുള്ള എല്ലാ നിക്ഷേപങ്ങൾക്കും അനുമതി നിർബന്ധമാക്കും

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (12:35 IST)
ചൈനയിൽ നിന്ന് നേരിട്ടുള്ള എല്ലാ വിദേശ നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാർ അനുമതി  നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിതർക്കത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യയിലെ നിക്ഷേപം വഴി അന്തിമ നേട്ടം ലഭിക്കുന്ന സ്ഥാപനമോ വ്യക്തിയോ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ളതാണെങ്കിൽ അതിന് പ്രത്യേകാനുമതി വേണമെന്ന നിർദേശമാണ് കൊണ്ടുവന്നിട്ടുള്ളത്.
 
പുതിയ നിർദേശം നടപ്പായാൽ ചൈനയിൽനിന്ന് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ നിക്ഷേപം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി വേണ്ടിവരും. നേരത്തെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ കമ്പനികളിലുള്ള നിക്ഷേപത്തിന് കമ്പനി നിയമപ്രകാരമുള്ള പത്തു ശതമാനം പരിധിയോ കള്ളപ്പണം വെളുപ്പിക്കൻ തടയൽ നിയമപ്രകാരം 25 ശതമാനം പരിധിയോ വേണമെന്നുള്ള മാനദണ്ഡം നടപ്പിലാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. എന്നാൽ പുതിയ നിർദേശത്തിൽ പരിധിയെ പറ്റി പരാമർശമില്ല. ഇത് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങും.
 
അതേസമയം ചൈനീസ് കമ്പനികളിൽനിന്നുള്ള നിക്ഷേപത്തെ വലിയതോതിൽ ആശ്രയിച്ചിട്ടുള്ള പേടിഎം, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികളെ ഈ നീക്കം ബാധിചേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍