KC Venugopal: കെ.സി.വേണുഗോപാലിനെതിരെ എഐസിസിക്ക് പരാതി; പിന്നില്‍ രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനും

രേണുക വേണു

ശനി, 18 ഒക്‌ടോബര്‍ 2025 (09:13 IST)
KC Venugopal: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൈപിടിയിലാക്കാന്‍ ശ്രമിക്കുന്നതായി എ, ഐ ഗ്രൂപ്പുകള്‍. വേണുഗോപാലിനെതിരെ ദേശീയ നേതൃത്വത്തിനു എ, ഐ നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. വേണുഗോപാലിനെ തടയാന്‍ ഒന്നിച്ചു നീങ്ങാനുള്ള തീരുമാനത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. 
 
അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കാത്തതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഇക്കാര്യത്തില്‍ വേണുഗോപാലിനെതിരാണ്. എ ഗ്രൂപ്പിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുന്ന ചാണ്ടി ഉമ്മനും വേണുഗോപാലിന്റെ രാഷ്ട്രീയ നീക്കങ്ങളെ തടയാന്‍ ദേശീയ നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എ, ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ വേണുഗോപാലിനെതിരെ ആശയവിനിമയം നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. 
 
എ ഗ്രൂപ്പ് കെ.എം.അഭിജിത്തിനു വേണ്ടിയും ഐ ഗ്രൂപ്പ് അബിന്‍ വര്‍ക്കിക്കു വേണ്ടിയും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും വെട്ടി ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് വേണുഗോപാല്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്. പോഷക സംഘടനകളെ തനിക്കു അനുകൂലമാക്കുകയാണ് വേണുഗോപാല്‍ ലക്ഷ്യമിടുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം.
 
വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിച്ച ബിനു ചുള്ളിയില്‍ വേണുഗോപാലിന്റെ നോമിനിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കളംപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേണുഗോപാലിന്റെ നീക്കങ്ങള്‍. ലോക്സഭാ എംപിയായ വേണുഗോപാലിനു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഐസിസി നേതൃത്വത്തില്‍ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളെ കൈപിടിയിലാക്കാന്‍ വേണുഗോപാല്‍ നീക്കങ്ങള്‍ ആരംഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍