നോട്ടുനിരോധനം നടന്ന് ഒരുവര്‍ഷം തികയുന്നതിന്‍റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. നോട്ടുനിരോധനം കൊണ്ട് ദോഷമല്ലാതെ ഒരുഗുണവും ഉണ്ടായിട്ടില്ല. അത് മോദിയുടെ ഒരു സാമ്പത്തിക കൂടോത്രമായിരുന്നു. രാജ്യത്തെ നിക്ഷേപാന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ - തോമസ് ഐസക്ക് പറഞ്ഞു.
നല്ല സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ടയര്‍ കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണിത്. നാഗ്‌പൂരിലുള്ള ചില ഉപദേശകരാണ് ഈ സാമ്പത്തിക കൂടോത്രത്തിന് പിന്നില്‍. പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ നല്ല കൈയടി കിട്ടി. എങ്കില്‍ രാജ്യത്തെ കള്ളപ്പണക്കാര്‍ക്കുനേരെയും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താമെന്നൊക്കെ പ്രഖ്യാപിച്ച് രാജ്യത്തെ അമ്മാനമാടി. ഇങ്ങനെയല്ല രാജ്യം ഭരിക്കേണ്ടത് - തോമസ് ഐസക് പറഞ്ഞു.