ഗ്രേ മാര്‍ക്കറ്റുകളില്‍ ആപ്പിളിന്റെ പുതിയ മോഡലുകളുടെ വില്‍പ്പന തകൃതിയില്‍
ആപ്പിള്‍ ഐഫോണിന്റെ പുതിയ മോഡലുകള്‍ രാജ്യത്തെ പ്രമുഖ ഗ്രേ മാര്‍ക്കറ്റുകളില്‍ വന്‍ വില്‍പ്പന. കമ്പനി വിലയേക്കാള്‍ പതിനായിരം രൂപ വരെ കുറവിനാണു ഗ്രേ മാര്‍ക്കറ്റില്‍ ഐഫോണ്‍ സിക്സും സിക്സ് പ്ളസും വില്‍ക്കുന്നത്. ഇതോടെ
ഗ്രേ മാര്‍ക്കറ്റുകളില്‍ ആപ്പിള്‍ ഫോണുകളുടെ വില്‍പ്പന വര്‍ദ്ധിച്ചിരിക്കുകയാണ്.
മുംബൈയിലെ ഹീര പന്ന, ഡല്‍ഹിയിലെ ഗഫാര്‍ മാര്‍ക്കറ്റ്, കൊല്‍ക്കത്തയിലെ ഫാന്‍സി മാര്‍ക്കറ്റ് എന്നിവടങ്ങളിലാണ് ആപ്പിള്‍ ഐഫോണിന്റെ പുതിയ മോഡലുകള്‍ വിറ്റഴിക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സിംഗപ്പൂരില്‍ നിന്നുമെല്ലാം എത്തിക്കുന്ന ഐഫോണ്‍ കമ്പനിയുടെ യഥാര്‍ഥ വിലയേക്കാള്‍ അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ കുറവിനാണു ഇവിടെ വില്‍പ്പന നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നതാണ് ഗ്രേ മാര്‍ക്കറ്റുകളിലെ ആപ്പിള്‍ ഫോണുകളുടെ വില്‍പ്പന. 11.5 ശതമാനം നികുതിയോടൊപ്പം ഡോളറിനെ അപേക്ഷിച്ചു രൂപയുടെ മൂല്യം ഇടിയുക കൂടി ചെയ്തതോടെ ഐഫോണ്‍ വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്ന സാഹചര്യം ഗ്രേ മാര്‍ക്കറ്റുകള്‍ മുതലാക്കുകയായിരുന്നു.