ആധാറില്ലാതെ ഇനി സിം ഇല്ല!

തിങ്കള്‍, 3 നവം‌ബര്‍ 2014 (11:05 IST)
ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാതെ ഇനി സിം കാര്‍ഡ് ലഭിക്കില്ല. സിംകാര്‍ഡ് അനുവദിക്കുമ്പോള്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം ആധാര്‍ നമ്പറും ശേഖരിക്കണമെന്ന് മന്ത്രാലയം മൊബൈല്‍ സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രടെലികോം മന്ത്രാലയത്തിന്റെ നടപടി. 
 
തെറ്റായ വിവരങ്ങള്‍ നല്‍കിയും വ്യാജതിരിച്ചറിയല്‍ രേഖകള്‍ ചമച്ചും സിം കാര്‍ഡ് സ്വന്തമാക്കുന്നത് തടയുകയാണ് ലക്‌ഷ്യം. പുതിയ സിം കാര്‍ഡുകള്‍ അനുവദിക്കാന്‍ തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം ആധാര്‍ നമ്പര്‍ കൂടി ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കാനാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി മന്ത്രാലയകേന്ദ്രങ്ങള്‍ അറിയിച്ചു. ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്താനാകും വിധം കമ്പനികള്‍ രണ്ടു മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന അപേക്ഷാഫോമിലടക്കം വിവരശേഖരണത്തിനുള്ള സംവിധാനങ്ങളും പരിഷ്‌കരിക്കണം.
 
എന്നാല്‍ ടെലികോം മന്ത്രാലയത്തിന്റെ നീക്കത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം സുരക്ഷാവീഴ്ചയ്ക്കും ഇടയാക്കിയേക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. വിദേശപൗരന്‍മാര്‍ ഒരു പക്ഷേ ഈ അവസരം ദുരുപയോഗപ്പെടുത്തിയേക്കാം. തീവ്രവാദസംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനും ടെലികോം മന്ത്രാലയത്തിന്റെ നീക്കം ഇടയാക്കിയേക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക