34 എഫ്.ഡി.ഐകള്‍ക്ക് അനുമതി

വ്യാഴം, 31 ജനുവരി 2008 (10:32 IST)
രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച് 34 വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം അനുമതി നല്‍കി. നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച പ്രത്യേക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ധനമന്ത്രി ഈ അനുമതി നല്‍കിയത്.

അനുമതി ലഭിച്ച 34 പദ്ധതികളിലുമായി മൊത്തം 2,288.40 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ടെലിക്കോം മേഖലയില്‍ ഗ്ലോബല്‍ അസ്സെറ്റ് ഹോള്‍ഡിംഗ് കോര്‍പ്പറേഷന് 580 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താനുള്ള അനുമതിയും ഉള്‍പ്പെടുന്നു.

ടെലിവിഷന്‍ ചാനലായ യു.ടി.വി സോഫ്റ്റ്‌വേര്‍ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് ഫോറിന്‍ ഇന്‍‌വെസ്റ്റ്‌മെന്‍റ് ബോര്‍ഡ് കടപ്പത്രം ഇറക്കുന്നതിനായി അനുമതി നല്‍കിയ 400 കോ‍ടി രൂപയുടെ പദ്ധതിയും ഈ 34 പദ്ധതികളില്‍ മുഖ്യമായതാണ്.

ഇതിനൊപ്പം സൈപ്രസ് ആസ്ഥാനമായുള്ള ലേക്ക് ക്രെസ്റ്റ് ലിമിറ്റഡ് ഇന്ത്യയില്‍ ഹോള്‍ഡിംഗ് കമ്പനി ആരംഭിക്കുന്നതിനായി 400 കോടി രൂപയുടെ പദ്ധതിക്കും ഫോറിന്‍ ഇന്‍‌വെസ്റ്റ്‌മെന്‍റ് ബോര്‍ഡ് അംഗീകാരം ലഭിച്ചതോടെ എഫ്.ഡി.ഐ സമിതി അനുമതി നല്‍കിയിട്ടുണ്ട്.

ബി.എ.ജി ഫിലിംസ് ആന്‍റ് മീഡിയ 24 മണിക്കൂര്‍ ഹിന്ദി വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നതിനായുള്ള 2.05 കോടി രൂപയുടെ പദ്ധതിയും അനുമതി ലഭിച്ചവയില്‍ പെടുന്നു.

അതേ സമയം കൊക്ക കോളയുടെ ഉപഘടകമായ ഹിന്ദുസ്ഥാന്‍ കൊക്ക കൊള പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച നിര്‍ദ്ദേശം സംബന്ധിച്ച തീരുമാനത്തിനായി ക്യാബിനറ്റ് കമ്മിറ്റിയുടെ ധനകാര്യ വിഭാഗത്തിലേക്ക് വിട്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക