നിസാൻ സണ്ണിയുടെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യയിലെത്തി. പഴയ സണ്ണിയുടെ വിലയിൽ മാറ്റമൊന്നും വരുത്താതെയാണ് ഈ പുതിയ വാഹനവും എത്തിയിരിക്കുന്നത്. ഡീസൽ, പെട്രോൾ എന്നീ വകഭേദങ്ങളിലാണ് നവീകരിച്ച മോഡൽ ലഭ്യമായിട്ടുള്ളത്. ഡല്‍ഹി എക്സ്ഷോറൂമില്‍ 7.91ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില.
1.5ലിറ്റർ പെട്രോൾ എൻജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 98ബിഎച്ച്പിയും 134എൻഎം ടോർക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. എന്നാല്‍ 1.5ലിറ്റർ ഡീസൽ എൻജിനാവട്ടെ 85ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകും. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് വാഹനത്തിനുള്ളത്. ഈ എൻജിൻ 22.21km/l മൈലേജും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
പുതിയ സണ്ണിയുടെ എല്ലാ വേരിയന്റുകൾക്കും സൗജന്യ റോഡ്സൈഡ് അസിസ്റ്റും കമ്പനി നല്‍കുന്നുണ്ട്. കൂടാതെ രണ്ടുവർഷത്തേക്ക് 50,000കി.മി വാരന്റിയും ലഭ്യമാകും. പുതിയ സാന്റ് സ്റ്റോൺ ബ്രൗൺ നിറം, ക്രോം ഡോർ ഹാന്റിലുകൾ, പുത്തൻ സീറ്റ് ഫ്രാബിക്, കറുത്ത നിറത്തിലുള്ള ഇന്റീരിയർ എന്നിവയാണ് ഈ പുതിയ സണ്ണിയിലെ പുതുകളായി പറയാന്‍ സാധിക്കുന്ന ഘടകങ്ങൾ.
പുഷ് ബട്ടൺ സ്റ്റാർട്ട്, ഇന്റലിജെന്റ് കീ എന്നീ സവിശേഷതകളും ഈ വാഹനത്തിന്റെ സൗകാര്യത വർധിപ്പിക്കുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇബിഡി, ഡ്യുവൽ എയർബാഗ്, സൈഡ് എയർബാഗ് എന്നീ ഫീച്ചറുകളും ഈ വാഹനത്തെ മികവുറ്റതാക്കുന്നു.