‘സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ടുശതമാനത്തിലേക്ക് എത്തിക്കുകയെന്നത് വെല്ലുവിളി‘!

വ്യാഴം, 28 ഫെബ്രുവരി 2013 (12:31 IST)
PRO
PRO
സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ടുശതമാനത്തിലേക്ക് എത്തിക്കുക എന്നത് വെല്ലുവിളിയാണെന്ന് ചിദംബരം. എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കുമെന്ന് പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെയും ബാധിച്ചു.

രണ്ടാം യു പി എ സര്‍ക്കാരിന്‍റെ അവസാന പൊതുബജറ്റാണ് ഇത്. ചിദംബരത്തിന്‍റെ എട്ടാമത്തെ ബജറ്റ് അവതരണം.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ചിദംബരം വിശ്വാസം പ്രകടിപ്പിച്ചു. ചൈനയ്ക്കും ഇന്തോനേഷ്യയ്ക്കും മാത്രമാണ് നിലവില്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളത്.

പൊതുബജറ്റില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4200 കോടി രൂപ അനുവദിച്ചു. സര്‍വശിക്ഷാ അഭിയാന് 27000 കോടി രൂപ അനുവദിച്ചു.

ആരോഗ്യമന്ത്രാലയത്തിന് 37330 കോടി രൂപ അനുവദിച്ചു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 200 കോടി രൂപ അനുവദിച്ചു. വിദേശമൂലധനം പ്രധാനമാണെന്നും വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വികസനത്തിന് 41564 കോടി രൂപ അനുവദിച്ചു. ആയുര്‍വേദ, യുനാനി വിഭാഗത്തിന് 1069 കോടി രൂപ അനുവദിച്ചു.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ചത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹരിതവിപ്ലവത്തിന് 1000 കോടി രൂപ അനുവദിച്ചു. നീര്‍ത്തട പദ്ധതിക്ക് 5387 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണത്തിന് 3415 കോടി രൂപ അനുവദിച്ചു. കേര കര്‍ഷകര്‍ക്ക് 75 കോടി രൂ‍പ അനുവദിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിനായും തുക മാറ്റിവച്ചു. ഭക്‍ഷ്യ സുരക്ഷാബില്‍ പാസാക്കുമെന്ന് ബജറ്റില്‍ അറിയിച്ചിട്ടുണ്ട്. ഭക്‍ഷ്യ സുരക്ഷയ്ക്ക് 1000 കോടി രൂപ അനുവദിച്ചു.

ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി സ്ഥാപിക്കുമെന്ന് പൊതുബജറ്റ്. ന്യൂനപക്ഷ ക്ഷേമത്തിന് 3000 കോടി രൂ‍പ അനുവദിച്ചിട്ടുണ്ട്. മാനവശേഷി വികസനത്തിന് മുന്‍‌തൂക്കം നല്‍കുന്ന ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്. ഭവനവായ്പയ്ക്ക് നികുതിയിളവ് നല്‍കും. നികുതിയിളവിനുള്ള പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി.

എല്ലാവര്‍ക്കും ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. പിന്നാക്ക, ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് 5284 കോടി രൂപ അനുവദിച്ചു.

വെബ്ദുനിയ വായിക്കുക