സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായി

ശനി, 29 നവം‌ബര്‍ 2008 (10:30 IST)
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.6 ശതമാനം വര്‍ദ്ധന കൈവരിച്ചു. 2007-08 സാമ്പത്തിക വര്‍ഷത്തെ ജൂലായ്‌ മുതല്‍ സെപ്‌തംബര്‍ വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ സാമ്പത്തിക മേഖല 9.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇക്കൊല്ലം അവലോകന കാലയളവില്‍ 7.6 ശതമാനം വര്‍ദ്ധനയാണുണ്ടായത്.

പ്രധാനമായും നിര്‍മ്മാണ, സേവന മേഖലകളിലുണ്ടായ ഉണര്‍വാണ്‌ സാമ്പത്തിക വളര്‍ച്ചയ്ക്ക്‌ വേഗം നല്‍കിയത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാമാന്യ മികവ്‌ നിലനിറുത്താനായത്‌ രാജ്യത്തെ ശക്തമായ സാമ്പത്തിക അടിത്തറ മൂലമാണ്‌.

അവലോകന കാലയളവില്‍ ഇക്കൊല്ലം ഏഴ്‌മുതല്‍ എട്ട്‌ ശതമാനംവരെ വളര്‍ച്ച നേടാനാണ്‌ ലക്‍ഷ്യമിട്ടിരിക്കുന്നത്.

എന്നാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച സെപ്‌തംബര്‍ വരെയുള്ള മൂന്ന്‌ മാസത്തില്‍ 2.7 ശതമാനമായി ഇടിഞ്ഞു. മുന്‍വര്‍ഷം ഈ കാലയളവില്‍ കാര്‍ഷിക മേഖലയില്‍ 4.7 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു.

ഇതിനൊപ്പം ഖനന മേഖലയിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ 5.5 ശതമാനത്തില്‍ നിന്നും 3.9 ശതമാനമായി താണു. ഉത്‌പാദന മേഖലയിലെ വളര്‍ച്ച 9.2 ശതമാനത്തില്‍ നിന്നും അഞ്ച്‌ ശതമാനമായാണ്‌ ഇടിഞ്ഞത്‌.

അതേസമയം വൈദ്യുതി ഉത്‌പാദന രംഗത്ത്‌ മുന്‍വര്‍ഷം 6.9 ശതമാനമായിരുന്ന വര്‍ദ്ധന ഇക്കൊല്ലം 3.6 ശതമാനം ആയി കുറഞ്ഞു.

വെബ്ദുനിയ വായിക്കുക