സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം മൂന്നുപേര്‍ക്ക്‌

ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (17:15 IST)
PRO
ആസ്തിമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട പ്രായോഗികവിശകലനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മൂന്ന് അമേരിക്കന്‍ പ്രൊഫസര്‍മാര്‍ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം പങ്കുവെച്ചു.

അമേരിക്കന്‍ സാമ്പത്തിക വിദഗ്‌ധരായ യുജിന്‍ ഫാമ, ലാര്‍സ്‌ പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട്‌ ഷില്ലര്‍ എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.

ഷിക്കാഗോ സര്‍വകലാശാലയിലെ പ്രഫസര്‍മാരാണ്‌ ഫാമയും ഹാന്‍സെനും. യേല്‍ സര്‍വകലാശാലയിലെ പ്രഫസറാണു റോബര്‍ട്ട്‌ ഷില്ലര്‍. ഓഹരികളുടെയും കടപ്പത്രങ്ങളുടെയും ഭാവി മൂല്യനിര്‍ണയത്തിനു ഇവരുടെ പഠനം സഹായിച്ചതായി നൊബേല്‍ സമിതി വിലയിരുത്തി.സമ്മാനത്തുകയായ 7.6 കോടിരൂപ മൂന്നുപേര്‍ക്കുമായി പങ്കുവെക്കും.

1895ല്‍ ആല്‍ഫ്രഡ്‌ നൊബേല്‍ തയാറാക്കിയ പട്ടികയില്‍ ആരോഗ്യരംഗം, രസതന്ത്രം, ഭൗതികശാസ്‌ത്രം, സാഹിത്യം, സമാധാനം എന്നിവയ്‌ക്കു മാത്രമേ പുരസ്‌കാരങ്ങളുണ്ടായിരുന്നുള്ളു. സ്വീഡിഷ്‌ സെന്‍ട്രല്‍ ബാങ്കാണ്‌ 1968ല്‍ സാമ്പത്തിക ശാസ്‌ത്രത്തിനും നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌. 1969 മുതലാണ്‌ ഈ പുരസ്‌കാരം നല്‍കി തുടങ്ങിയത്‌.

കഴിഞ്ഞവര്‍ഷവും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് സാമ്പത്തികനൊബേല്‍ നേടിയത്. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ പുരസ്‌കാരം നേടിയ 20ല്‍ 17 പേരും അമേരിക്കന്‍ പൗരന്മാരാണ്.

വെബ്ദുനിയ വായിക്കുക