സത്യം: സിഇഓ പോസ്റ്റിനായി 50 പേര്‍!

ബുധന്‍, 4 ഫെബ്രുവരി 2009 (11:11 IST)
സാമ്പത്തിക തിരിമറികളില്‍ പെട്ട് ഉഴലുകയാണെങ്കിലും സത്യത്തിന് സിഇഓമാരെ കിട്ടാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. ഏകദേശം അമ്പതുപേരാണ് സത്യത്തിന്റെ സിഇഓ പോസ്റ്റ് സ്വപ്നം കണ്ട് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. സത്യത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിക്കുകയാണെങ്കില്‍ അമ്പതോളം സിഇഓ പ്രേമികളാണ് കമ്പനിയിലേക്ക് ഇതുവരെ അപേക്ഷ അയച്ചിരിക്കുന്നത്.

ഏകദേശം അമ്പതോളം അപേക്ഷകളാണ് സത്യത്തിന്റെ ബോര്‍ഡിന് ലഭിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ സിഇഓ പോസ്റ്റിനായുള്ളവയാണ്. എന്തായാലും അനുയോജ്യമായ ഒരു അപേക്ഷയും ബോര്‍ഡിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല - സത്യത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഔദ്യോഗിക അപേക്ഷ ഇല്ലാതെ തന്നെ ആരെ വേണമെങ്കിലും നിയമിക്കാന്‍ സത്യം ബോര്‍ഡിന് അധികാരമുണ്ട്. എന്നാല്‍ കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലായതിനാല്‍ സിഇഓയെ നിയമിക്കണോ എന്ന കാര്യം എല്ലാവരുമായും ചര്‍ച്ചചെയ്ത് മാത്രമാണ് നടക്കുക. എന്തായാലും കിട്ടിയ അപേക്ഷകളെല്ലാം ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ പരിശോധിക്കാന്‍ ബോര്‍ഡിന് പദ്ധതിയുണ്ടെന്ന് അറിയുന്നു.

കമ്പനിയുടെ മുന്‍ ചെയര്‍മാനും സ്ഥാപകനുമായ രാമലിംഗ രാജു നടത്തിയ സാമ്പത്തിക തിരിമറിയെ തുടര്‍ന്നാണ് സത്യം കുഴപ്പത്തിലായത്. പണം വഴിതിരിച്ചുപയോഗിക്കുകയാണ് രാജു ചെയ്തത്. രാജുവിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. രാജുവിനെ ചോദ്യം ചെയ്യാന്‍ സെബിയ്‌ക്ക്‌ അനുമതി ലഭിച്ചിട്ടുമുണ്ട്.

വെബ്ദുനിയ വായിക്കുക