വിനിമയനിരക്ക്: രൂപയ്ക്ക് തിരിച്ചടി

ചൊവ്വ, 11 മാര്‍ച്ച് 2008 (15:14 IST)
ആഭ്യന്തര ഓഹരി വിപണിയിലെ തിരിച്ചടി ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കിനെ വീണ്ടും സാരമായി ബാധിച്ചു. ചൊവ്വാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 40.50/51 എന്ന നിലയിലായിരുന്നു.

തിങ്കളാഴ്ചത്തെ ഓഹരി വിപണിയിലെ വന്‍ തകര്‍ച്ച തിങ്കളാഴ്ച വൈകിട്ട് വിദേശനാണ്യ വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്കില്‍ സാരമായ കുറവു വരുത്തിയിരുന്നു. തിങ്കളാഴ്ച ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 40.4850/4950 എന്ന നിലയിലായിരുന്നു.

പിന്നീട് ചൊവ്വാഴ്ച രാവിലെ വിപണി ആരംഭിച്ചപ്പോള്‍ ഇത് 40.58/58 എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് ഏറെ സമയത്തിനു ശേഷം രൂപയുടെ വിനിമയ നിരക്ക് 40.50/51 എന്ന നിലയിലാവുകയായിരുന്നു.

ആഗോള ഓഹരി വിപണിയിലെ മാന്ദ്യം ആഭ്യന്തര ഓഹരി വിപണിയിലും ചൊവ്വാഴ്ച പ്രതിഫലിച്ചത് രൂപയ്ക്ക് വിനയായി. ഇതിനൊപ്പം എണ്ണ കമ്പനികള്‍ ബാങ്കുകള്‍ വഴി ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയുടെ വിനിമയ നിരക്കിനെ ബാധിച്ചു.

ആഗോള ക്രൂഡോയില്‍ വിപണിയില്‍ ചൊവ്വാഴ്ച രാവിലെ എണ്ണ വില വീപ്പയ്ക്ക് 107 ഡോളര്‍ എന്ന നിരക്കിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക