ലോട്ടറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പണം തട്ടി
വെള്ളി, 28 ജൂണ്‍ 2013 (08:57 IST)
PRO
ലോട്ടറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് സമ്മാന തുക തട്ടിയെടുത്തതായി പരാതി. പതിനായിരം രൂപ നഷ്ടപ്പെട്ട ലോട്ടറി ഏജന്റ് മുഹമ്മദലി വടകര പൊലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതി നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ സമ്മാനം ലഭിച്ചെന്ന് പറഞ്ഞാണ് രണ്ടു പേര്‍ വ്യത്യസ്ത ദിവസങ്ങളിലായി അയ്യായിരം രൂപ വീതം തട്ടിയെടുത്തത്.
ഒറിജിനലിനെ വെല്ലുന്ന വിധത്തില്‍ ലോട്ടറി ടിക്കറ്റിന്റെ കളര്‍ കോപ്പിയെടുത്താണ് മുഹമ്മദലിയുടെ സ്റ്റാളില്‍ നിന്ന് സമ്മാന തുക കൈക്കലാക്കിയത്. 6205 ല്‍ അവസാനിക്കുന്ന നമ്പരിന് അയ്യായിരം രൂപയാണുള്ളത്. ഈ നമ്പരില്‍ അവസാനിക്കുന്ന കെടി, കെആര്‍ സീരീസില്‍ പെട്ട ടിക്കറ്റുകളാണ് ലഭിച്ചത്. ഈ ടിക്കറ്റുകള്‍ ട്രഷറി വഴി കണ്ണൂരിലെ ലോട്ടറി ആസ്ഥാനത്ത് എത്തിച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് വ്യക്തമായത്.
ഇതേ തുടര്‍ന്ന് രണ്ടു ടിക്കറ്റുകളും വടകരയിലെ ഏജന്റിനു തന്നെ തിരിച്ചയച്ചിരിക്കുകയാണ്. ഏജന്റിന്റെ സ്റ്റാളില്‍ ടിക്കറ്റുകള്‍ എത്തിച്ചവര്‍ ആരെന്നു വ്യക്തമല്ല. തിരക്കുള്ള സമയത്താണ് അയ്യായിരം രൂപയുടെ സമ്മാനമുള്ള ടിക്കറ്റെന്നു പറഞ്ഞു ആളെത്തിയത്. വിതരണക്കാരുടെ സീലും ടിക്കറ്റിനു മേല്‍ പതിച്ചിട്ടുള്ളതിനാല്‍ സംശയിച്ചില്ല. ലോട്ടറി ടിക്കറ്റുകള്‍ പരാതിയോടൊപ്പം വടകര പോലീസില്‍ ഏല്‍പിച്ചു.