അംബാനിമാര്‍ തമ്മിലുള്ള വാതക തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി ഒക്ടോബര്‍ 20ലേക്ക് മാറ്റി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ അപേക്ഷയെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണറെ നേതൃത്വത്തിലുള്ള ബെഞ്ച് വാദം കേള്‍ക്കല്‍ മാറ്റിവച്ചത്. വാദം മാറ്റിവെക്കുന്നതില്‍ വിരോധമില്ലെന്ന് അനില്‍ അംബാനി ഗ്രൂപ്പിന്‍റെ കൌണ്‍സലായ മുകുള്‍ റോത്താഗിയും കോടതിയെ അറിയിച്ചു.
കൃഷ്‌ണാ-ഗോദാവരി നദീതടത്തില്‍നിന്ന് ഖനനം ചെയ്യുന്ന പ്രകൃതി വാതകം പങ്കുവെക്കുന്നതു സംബന്ധിച്ച് മുംബൈ ഹൈക്കോടതി വിധിക്കെതിരേ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് സുപ്രീം കോടതിയെ സമീപിച്ചത്‍. അതേസമയം പ്രകൃതി വാതകം പങ്കിടുന്നതുസംബന്ധിച്ച് അംബാനി സഹോദരന്മാര്‍ തമ്മിലുള്ള ധാരണ റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പ്രകൃതിവാതകം പങ്കിടുന്നതും വില നിശ്ചയിക്കുന്നതും സംബന്ധിച്ച് മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലുണ്ടാക്കിയ കരാര്‍ പൊതു താത്‌പര്യത്തിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം.
കോടതി വിധിച്ച വിലയ്ക്ക് വാതകം നല്‍കുന്നതു പ്രായോഗികമല്ലെന്നായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വാദം. അനില്‍ അംബാനി ഗ്രൂപ്പുമായി ഒരു ചര്‍ച്ചയ്ക്കും തങ്ങള്‍ ഒരുക്കമല്ലെന്നും റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അനിലിന്റെ കമ്പനിയായ ആര്‍.എന്‍.ആര്‍.എല്ലും മുകേഷിന്റെ ആര്‍.ഐ.എല്ലും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുകേഷിന്റെ പക്ഷം പിടിക്കുകയാണ് എന്ന് അനില്‍ അംബാനി ആരോപിച്ചിരുന്നു.