യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. പതിനാല് പൈസയുടെ ഉയര്‍ച്ചയാണ് ബുധനാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 49.73 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ സെഷനില്‍ രൂപയുടെ മൂല്യം 49.87/88 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിച്ചത്.
വിദേശ ഫണ്ടുകളില്‍ നിന്ന് ആഭ്യന്തര വിപണികളിലേക്ക് മൂലധനമൊഴുകാനുള്ള സാധ്യതയാണ് രൂപയ്ക്ക് നേട്ടമായത്. ആഭ്യന്തര കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചതും രൂപയ്ക്ക് ഗുണം ചെയ്തു. ഏഷ്യന്‍ വിപണികളില്‍ പൊതുവെ ഉണര്‍വ് അനുഭവപ്പെടുന്നതും രൂപയുടെ മൂല്യമുയരാന്‍ കാരണമായി.
മുംബൈ ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം പ്രകടമായിരുന്നു. വ്യാപാര ആരംഭത്തില്‍ നൂറിലധികം പോയന്‍റിന്‍റെ ഉയര്‍ച്ചയാണ് സൂചികയില്‍ അനുഭവപ്പെട്ടത്. മറ്റ് ഏഷ്യന്‍ വിപണികളില്‍ നിക്കി 1.4 ശതമാനവും തായ്‌വാന്‍ വിപണി രണ്ട് ശതമാനവും കോസ്പി, ഹാങ്സെംഗ് വിപണി എന്നിവ 0.7 ശതമാനവും ഉയര്‍ച്ച നേടി. അതേസമയം ഷാംഗായ് വിപണി 0.8 ശതമാനത്തിന്‍റെ തകര്‍ച്ച നേരിട്ടു.