ആഭ്യന്തര വിപണികള്‍ക്കായുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി തീരുമാനിച്ചു. പ്രാദേശിക വിപണിയില്‍ ആവശ്യം ഉയര്‍ന്നതിനനുസരിച്ച് കാറുകള്‍ വിതരണം ചെയ്യാന്‍ കഴിയാതെവന്നതിനെത്തുടര്‍ന്നാണ് കമ്പനിയുടെ ഈ തീരുമാനം.
ഇന്ത്യന്‍ കാര്‍ വിപണിയുടെ 52 ശതമാനത്തോളം കൈവശമുള്ള മാരുതി കയറ്റുമതിയില്‍ സമീപ ഭാവിയില്‍ വര്‍ദ്ധന വരുത്തേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മനേസാര്‍, ഗര്‍ഗാവൂണ്‍ ഫാക്‍ടറികളില്‍ അടുത്ത 18 - 24 മാസങ്ങളില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. നിലവില്‍ ഗര്‍ഗാവൂണ്‍ പ്ലാന്‍റിന് ഏഴ് ലക്ഷം യൂണിറ്റും മനേസര്‍ പ്ലാന്‍റിന് മൂന്ന് ലക്ഷം യൂണിറ്റുമാണ് ഉല്‍പാദന ശേഷി. ഗര്‍ഗാവൂണ്‍ യൂണിറ്റിലെ ഉല്‍പാദന ശേഷി 70,000 മുതല്‍ 80,0000 യൂണിറ്റ് വരെ ഉയര്‍ത്തും.
ഈ വര്‍ഷം യൂറോപ്യന്‍ വിപണികളിലേക്കുള്ള കയറ്റുമതി 20 - 30 ശതമാനം കുറയുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. കമ്പനിയുടെ മൊത്തം കയറ്റുമതിയുടെ 80 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. 1,45,000 - 1,50,000 യൂണിറ്റാണ് കമ്പനിയുടെ വാര്‍ഷിക കയറ്റുമതി. കഴിഞ്ഞ വര്‍ഷം 1,47,000 യൂണിറ്റായിരുന്നു കയറ്റുമതി. ഇത് രണ്ട് ലക്ഷത്തിലെത്തിക്കാനുള്ള നീക്കം കമ്പനി താല്‍ക്കാലികമായി അവസാനിപ്പിച്ചതായാണ് അറിയുന്നത്.
ആഭ്യന്തര വിപണിയിലെ ഉപഭോഗം കമ്പനികളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നെന്ന് മാരുതി അറിയിച്ചു. അടുത്ത രണ്ട് വര്‍ഷം മാരുതിക്ക് കഠിനമായിരിക്കുമെന്നും ഉല്‍പാദനം ഉയര്‍ത്തുന്നതിനായി പ്രാദേശിക തലത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു.