ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 687.53 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. വില്‍പനയില്‍ ഉയര്‍ച്ചയുണ്ടായതാണ് അറ്റാദായം ഉയരാന്‍ കാരണമായത്.
ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനാണ് കമ്പനിയിലെ 54.2 ശതമാനം ഓഹരി. 2008-09 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ അറ്റാദായം 213.57 കോടി രൂപയായി കുറഞ്ഞിരുന്നു. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വില്‍പന ഗണ്യമായി കുറഞ്ഞതാണ് അറ്റാദായം ഇടിയാന്‍ കാരണമായത്.
ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. മൊത്തം വരുമാനം 58 ശതമാനം ഉയര്‍ന്ന് 7594.1 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 4803.5 കോടി രൂപയായിരുന്നു. മൂന്നാം പാദത്തില്‍ മാരുതിയുടെ ആഭ്യന്തര ഉത്പാദനം 37.8 ശതമാനമായിട്ടുണ്ട്.