കേരളത്തിന്‍റെ തനതായ ആയുര്‍വേദ ചികില്‍സാ രീതി ഇനി മലേഷ്യയിലും ലഭ്യമാകും. പ്രമുഖ ആയുര്‍വേദ കമ്പനിയായ ബിര്‍ല കേരള വൈദ്യശാലയാണ് അടുത്ത മാസത്തോടെ ക്വാലാലംപൂരില്‍ ആയുര്‍വേദ മെഡിക്കല്‍ സ്പാ ആരംഭിക്കുക.
ഒരു പ്രാദേശിക പങ്കാളിയുമായി ചേര്‍ന്നാണ് സംരഭം ആരംഭിക്കുക. ഒരു മാസത്തിനകം സ്ഥാപനം ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ബികെവി മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷ്ജിത് കുറുപ്പ് പറഞ്ഞു. ഇതിനായി മലേഷ്യന്‍ സര്‍ക്കാരിന്‍റെ അനുമതി കിട്ടേണ്ടതുണ്ട്. കമ്പനിയുടെ ശരിയായ നിക്ഷേപ സ്ഥാനമാണ് ക്വാലാലംപൂരെന്ന് ഹര്‍ഷ്ജീത് കുറുപ്പ് വ്യക്തമാക്കി
ആഗോളതലത്തില്‍ ഭാരതീയ പരമ്പരാഗത ചികില്‍സാരീതിക്ക് പ്രചാരമേറിവരുന്ന പശ്ചാത്തലത്തിലാണ് ബിര്‍ല വൈദ്യശാലയുടെ ഈ നീക്കം. തുടക്കത്തില്‍ ഒരു ഡോക്ടറെയും അഞ്ച് തെറാപിസ്റ്റുകളെയും മലേഷ്യയിലേക്കയയ്ക്കും. ക്വാലാലംപൂരിന് പുറമെ കൊളംബൊയിലും കമ്പനി ഉടന്‍ തന്നെ ചികിത്സാ കേന്ദ്രം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. അധികം വൈകാതെ സിംഗപ്പൂരിലും പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിലെ സാധാരണ ചികില്‍സാരീതികള്‍ക്ക് പുറമെ അമിത വണ്ണം, സന്ധിവാതം, പ്രമേഹം, ആസ്ത്മ, റുമാറ്റിസം തുടങ്ങിയവയ്ക്കുള്ള പ്രത്യേക ചികില്‍സകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ 25 ചികില്‍സാ കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. ഇത് ഈ വര്‍ഷം 200 ആയി വര്‍ദ്ധിപ്പിക്കും.