പഴയ നോട്ടുകള്‍ ഏത് ബാങ്കിലും പരിധിയില്ലാതെ മാറാം

തിങ്കള്‍, 17 മാര്‍ച്ച് 2014 (09:23 IST)
PRO
2005-നുമുമ്പുള്ള കറന്‍സിനോട്ടുകള്‍ 2015 ജനുവരി ഒന്നുവരെ ഏതു ബാങ്കിലും മാറാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായി റിപ്പോര്‍ട്ട്. ബാങ്ക് ഉപഭോക്താവല്ലെങ്കില്‍ പോലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇത്തരത്തില്‍ മാറാം.

മാറാവുന്ന നോട്ടുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. 2005-നുമുമ്പുള്ള നോട്ടുകള്‍ ഈ വര്‍ഷം ജൂണ്‍ 30-നകം മാറ്റണം എന്നായിരുന്നു ആര്‍ബിഐ നേരത്തേ നിര്‍ദേശിച്ചിരുന്നത്.

പത്തുനോട്ടുകളില്‍ കൂടുതല്‍ മാറണമെങ്കില്‍ തിരിച്ചറിയല്‍രേഖ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എല്ലാവരും കൊണ്ടുവരുന്ന നോട്ടുകള്‍ ബാങ്കുകള്‍ മാറിക്കൊടുക്കണമെന്ന് അടുത്തിടെ ഇറക്കിയ കുറിപ്പില്‍ ആര്‍.ബി.ഐ. നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

2005-നുമുമ്പുള്ള സീരീസിലെ നോട്ടുകള്‍ എടിഎമ്മുകളിലൂടെയും അല്ലാതെയും നല്‍കരുതെന്ന് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കുകളുടെ പക്കലുള്ള ഇത്തരം നോട്ടുകള്‍ ആര്‍ബിഐയെ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കള്ളനോട്ടുകളുടെ വ്യാപനമൊഴിവാക്കാനാണ് ഇവ പിന്‍വലിക്കുന്നത്.

വെബ്ദുനിയ വായിക്കുക