നാലാം പാദത്തില്‍ വളര്‍ച്ച 9 ശതമാനമാകും: രംഗരാജന്‍

ഞായര്‍, 28 ഫെബ്രുവരി 2010 (14:54 IST)
നാലാം പാദത്തില്‍ രാജ്യം ഒന്‍പത് ശതമാനം വളര്‍ച്ച നേടുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍. മൂന്നാം പാദത്തിലെ മോശം പ്രകടനം ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെങ്കിലും നാലാം പാദത്തില്‍ ഒന്‍പത് ശതമാനം വളര്‍ച്ച നേടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു രംഗരാജന്‍.

കാര്‍ഷികോത്പാദനം കുറഞ്ഞതാണ് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം ആറ് ശതമാനമായി കുറയാന്‍ കാരണം. വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷികോത്പാദനത്തില്‍ 2.8 ശതമാനം കുറവുണ്ടായി. ശീതകാല വിളവെടുപ്പോടെ ധാന്യ ഉത്പാദനം ഉയരുമെന്നാണ് കരുതുന്നത്. രാജ്യത്തെ വ്യവസായ വളര്‍ച്ച തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യം ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ച നേടുമെന്ന് മൂന്നാം പാദത്തിലെ പ്രകടനം ചൂണ്ടിക്കാട്ടി ധനമന്ത്രി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. നാലാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം എട്ട് ശതമാനമാകുമെന്നാണ് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പ്രസ്താവിച്ചത്.

വെബ്ദുനിയ വായിക്കുക