ടാറ്റ മോട്ടോഴ്സിന് രാജ്യാന്തര വില്‍പനയില്‍ കുതിപ്പ്

വെള്ളി, 15 ജനുവരി 2010 (15:09 IST)
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്‍റെ രാജ്യാന്തര വില്‍പന ഡിസംബറില്‍ 84 ശതമാനം ഉയര്‍ന്നു. ആഗോള തലത്തില്‍ 74707 വാഹനങ്ങളാണ് ഡിസംബറില്‍ ടാറ്റ വില്‍പന നടത്തിയത്. ടാറ്റ മോട്ടോഴ്സ് വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടാറ്റയുടെ രാജ്യാന്തര മോഡലായ ജഗ്വാര്‍, ലാന്‍ഡ് റോവര്‍ അടക്കമുള്ളവയുടെ വില്‍പനയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 33 ശതമാനം വര്‍ധനയാണ് ഈ മോഡലുകള്‍ക്കുണ്ടായത്. ഡിസംബറില്‍ 21134 ജഗ്വാര്‍, ലാന്‍ഡ് റോവര്‍ വാഹനങ്ങളാണ് വിറ്റതെന്ന് ടാറ്റ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യാന്തര തലത്തില്‍ ടാറ്റ മോട്ടോഴ്സിന്‍റെ മോഡലുകള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ നാനോ 2011ല്‍ അമേരിക്കന്‍ വിപണിയിലിറക്കുമെന്നാണ് കരുതുന്നത്. 8000 ഡോളറായിരിക്കും വിദേശ വിപണിയില്‍ കാറിന്‍റെ വില എന്നാണ് സൂചന. നാനോയുടെ വരവോടെ വിദേശ വിപണിയില്‍ ടാറ്റ മോട്ടോഴ്സ് ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക