ടാറ്റാ മോട്ടോര്‍സിന് ദക്ഷിണാഫ്രിക്കയില്‍ യൂണിറ്റ്

ശനി, 26 ജൂണ്‍ 2010 (12:39 IST)
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റാ മോട്ടോര്‍സ് ദക്ഷിണാഫ്രിക്കയില്‍ യൂണിറ്റ് തുടങ്ങുന്നു. ചെറിയതും ഇടത്തരവുമായ ട്രക്കുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് പുതിയ യൂണിറ്റ് തുടങ്ങുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടു കൂടി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങും. സാംബിയ, നൈജീരിയ, ഘാന തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിപണി ലക്‍ഷ്യമിട്ടാണ് ഇത്തരമൊരു പ്ലാന്റ് തുടങ്ങുന്നതെന്ന് ടാറ്റാ മോട്ടോര്‍സ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ട്രക്ക് നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇവിടെ നിന്ന് നിര്‍മ്മിക്കുനെന്നും ടാറ്റാ എം ഡി പറഞ്ഞു. പ്രഥമിക ഘട്ടത്തില്‍ ഈ പ്ലാന്റില്‍ നിന്ന് 3000 യൂണിറ്റ് നിര്‍മ്മിക്കും. പിന്നീട് ഇത് 4500 യൂണിറ്റായി ഉയത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ടാറ്റ ദക്ഷിണാഫ്രിക്കയിലേക്ക് വര്‍ഷവും മൂവായിരം വാഹനങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.

1994ല്‍ ജോഹന്നാസ് ബര്‍ഗില്‍ ടാറ്റാ ഗ്രൂപ്പിന്റെ കീഴില്‍ ടാറ്റാ ആഫ്രിക്കന്‍ ഹോള്‍ഡിംഗ്സ് സ്ഥാപനം തുടങ്ങിയിരുന്നു. പിന്നീട് 2006ല്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ ഈ യൂണിറ്റ് സ്വന്തമാക്കുകയായിരുന്നു. ടാറ്റയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ദക്ഷിണാഫ്രിക്കയില്‍ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തങ്ങളാണ് കമ്പനി പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക