ജെറ്റ് വിദേശ പൈലറ്റുകളെ പിരിച്ച് വിട്ടു

നഷ്ടം ഏറിവരുന്നതിനെ തുടര്‍ന്ന് സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയിസ് കുറഞ്ഞത് 25 പൈലറ്റുമാരെ പിരിച്ച് വിട്ടതായി സൂചന. വിദേശികളായ പൈലറ്റുമാരെ ആണ് പിരിച്ച് വിട്ടത്.

പിരിച്ച് വിടപ്പെട്ടവരില്‍ ബോയിംഗ് 737 വിമാനങ്ങളിലെ ക്യാപ്റ്റന്മാരും ഉള്‍പ്പെടുന്നു. വിദേശ പൈലറ്റുകള്‍ക്ക് മാസം 15000 ഡോളറിനും 18000 ഡോളറിനും ഇടയില്‍ വേതനം ലഭിക്കുന്നുണ്ടായിരുന്നു. ഇതിന് പുറമെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, സ്വന്തം രാജ്യത്തേക്ക് പോകാന്‍ ബിസിനസ് ക്ലാസില്‍ യാത്രാ സൌകര്യം എന്നിവയും നല്‍കിയിരുന്നു.

ദീപാവലി സമയത്ത് ജെറ്റ് എയര്‍വെയിസ് 400 ല്‍ പരം ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. എന്നാല്‍, പിന്നീട് ഇവരെ തിരിച്ച് വിളിക്കുകയുണ്ടായി.

മറ്റൊരു സ്വകാര്യ വിമാന കമ്പനിയായ വിജയ് മല്യയുടെ കിംഗ് ഫിഷര്‍ കഴിഞ്ഞ മാസം പരിശീ‍ലനം നല്‍കി വന്ന പൈലറ്റുമാരുടെ വേതനത്തില്‍ കുറവ് വരുത്തിയിരുന്നു. ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണിത്.

വെബ്ദുനിയ വായിക്കുക