സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിക്കോസ് കര്‍ദാസിസ് രാജിവെച്ചു. ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഓഹരികള്‍ എത്തിഹാദ് എയര്‍വെയ്‌സ് ഏറ്റെടുത്ത് രണ്ടു മാസം പൂര്‍ത്തിയാവുന്നതിന് മുമ്പാണ് സിഇഒയുടെ രാജി.
1993-94ല്‍ ജെറ്റ് എയര്‍വെയ്‌സിന്റെ പ്രാരംഭഘട്ടത്തിലുണ്ടായിരുന്ന കര്‍ദാസിസ് ആദ്യം 1999 വരെ തുടര്‍ന്നു. പിന്നീട് 2009ല്‍ തിരിച്ചെത്തി സിഇഒ ആകുകയായിരുന്നു. വ്യോമയാന രംഗത്ത് ജെറ്റ് എയര്‍വെയ്‌സിന് മേധാവിത്വം ഉറപ്പിക്കാന്‍ കര്‍ദാസിസിന്റെ പങ്ക് വളരെ വലുതായിരുന്നെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
പുതിയ സിഇഒയെ കണ്ടെത്തുന്നതു വരെ ക്യാപ്റ്റന്‍ ഹമീദ് അലി ആ ചുമതല വഹിക്കും. നിലവില്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് അദ്ദേഹം.