ജിഎം ഉല്‍പാദനം കുറയ്ക്കുന്നു

ചൊവ്വ, 24 ഫെബ്രുവരി 2009 (10:28 IST)
ഉപഭോഗത്തില്‍ ഗണ്യമായ കുറവ് വന്നതോടെ ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ് കോര്‍പറേഷന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മെക്സിക്കൊയിലെ മൂന്ന് പ്ലാന്‍റുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചു.

കമ്പനിയുടെ സിലാവോയിലെയും ടൊളുക്കയിലെയും പ്ലാന്‍റുകളില്‍ മാര്‍ച്ച് മാസത്തില്‍ അഞ്ച് ദിവസം ഉല്‍പാദനം നിര്‍ത്തിവയ്ക്കും. രാമോസ് അരിസ്പി ഫാക്ടറിയിലെ രണ്ട് പ്രൊഡക്ഷന്‍ ലൈനുകള്‍ അടുത്തമാസം ആറ് ദിവസം നിര്‍ത്തിവയ്ക്കും. അതേസമയം ഏപ്രിലിലെ ഹോളി വീക്കില്‍ അഞ്ച് ദിവസം മുഴുവന്‍ ഫാക്ടറി പ്രവര്‍ത്തനങ്ങളും നിര്‍ത്തും.

രാമോസ് അരിസ്പിയിലെ 600 ജീവനക്കാരെ ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. മെക്സിക്കോയിലെ വാഹന കയറ്റുമതിയില്‍ 57 ശതമാനത്തിന്‍റെ ഇടിവാണ് ജനുവരിയില്‍ അനുഭവപ്പെട്ടത്. ആഭ്യന്തര വില്‍പന 28 ശതമാനം ഇടിഞ്ഞു. ഉല്‍പാദനത്തില്‍ 51 ശതമാനത്തിന്‍റെ കുറവുണ്ടായി.

വെബ്ദുനിയ വായിക്കുക