ഗോള്‍ഡ്മാനെതിരെ ക്രിമിനല്‍ അന്വേഷണവുമായി യുഎസ്

വെള്ളി, 30 ഏപ്രില്‍ 2010 (11:08 IST)
തിരിമറി നടന്നതായി ആരോപണമുയര്‍ന്ന ആഗോള ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിനെതിരെ യു എസ് ഫെഡറല്‍ നിയമവിദഗ്ധര്‍ അന്വേഷനം ആരംഭിച്ചു. കമ്പനിക്കെതിരെയും തൊഴിലാളികള്‍ക്കെതിരെയും ക്രിമിനല്‍ അന്വേഷണമാണ് നടത്തുന്നത്.

അതേസമയം, ഇത്തരമൊരു അന്വേഷണ വാര്‍ത്തയില്‍ അത്ഭുതമില്ലെന്നും കമ്പനിയുടെ നിലവിലെ സാഹചര്യങ്ങള്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണെന്നും ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകളിലൊന്നായ ഗോള്‍ഡ്മാന്‍റെ വക്താവ് പറഞ്ഞു. അന്വേഷണവും സഹകരിക്കാന്‍ തയ്യാറാണ്. ബാങ്കില്‍ നിന്നുള്ള എല്ലാ വിവരങ്ങളും നല്‍കാമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

നിക്ഷേപങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ച് പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സച്സ് നിക്ഷേപകര്‍ക്ക് 100 കോടി ഡോളറിന്റെ (ഏകദേശം 4500 കോടി രൂപ) നഷ്ടം വരുത്തിയെന്നായിരുന്നു ആരോപണം. അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷനാണ് താല്‍പര്യങ്ങളിലെ വൈരുധ്യം നിക്ഷേപകരില്‍നിന്ന് ഗോള്‍ഡ്മാന്‍ മറച്ചുവെച്ചതെന്ന് വെളിപ്പെടുത്തിയത്.

അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് വിപണി തകരുന്നതിനിടെ കുറഞ്ഞ നിരക്കിലുള്ള വായ്പാ നിക്ഷേപങ്ങള്‍ ഗോള്‍ഡ്മാന്‍ നിക്ഷേപകര്‍ക്ക് വിറ്റപ്പോള്‍ ചില സുപ്രധാന വിവരങ്ങള്‍ മറച്ചുവെന്നാണ് പറയുന്നത്. ഏതെല്ലാം കടപ്പത്രങ്ങള്‍ നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചത് പോള്‍സണ്‍ ആന്‍ഡ് കമ്പനിയാണ്. 2007ലാണ് ഈ കടപ്പത്രങ്ങള്‍ നിക്ഷേപകര്‍ക്ക് വിറ്റത്.

വെബ്ദുനിയ വായിക്കുക