ക്രൂഡോയില്‍ വില 118 ഡോളറായി

ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 118 ഡോളറായി ഉയര്‍ന്നു. റഷ്യയും നൈജീരിയയും എണ്ണ ഉല്‍പ്പാദനം കുറച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നതാണ് എണ്ണ വില കൂടാന്‍ പ്രധാന കാരണമായത്.

അതേ സമയം ക്രൂഡോയില്‍ ഉപഭോഗം അടുത്തിടെ ഗണ്യമായി വര്‍ദ്ധിച്ച ചൈനയില്‍ വീണ്ടും ഉപഭോഗം വര്‍ദ്ധിച്ചതും എണ്ണ വില കൂടാന്‍ മറ്റൊരു പ്രധാന കാരണമായി മാറിയെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

മേയ് ഡെലിവറിക്കുള്ള ലൈറ്റ് ക്രൂഡ് വില 26 സെന്‍റ് വര്‍ദ്ധിച്ച് 117.74 ഡോളറായി ഉയര്‍ന്നു.

ഇത് കൂടാതെ യൂറോയുമായുള്ള വിനിമയ നിരക്കില്‍ ഡോളറിന്‍റെ മൂല്യം ചൊവ്വാഴ്ച ഗണ്യമായി കുറഞ്ഞതും ക്രൂഡ് വില വര്‍ദ്ധിക്കാന്‍ മറ്റൊരു പ്രധാന കാരണമായി. ഏപ്രില്‍ തുടക്കം മുതല്‍ തന്നെ ക്രൂഡോയില്‍ വിലയില്‍ തുടര്‍ച്ചയായ കയറ്റം മാത്രമാണുണ്ടായിട്ടുള്ളത്.

ചൈനയിലെ ക്രൂഡോയില്‍ ഉപഭോഗത്തില്‍ ഈ വര്‍ഷം 8 ശതമാനം വര്‍ധനയാണുള്ളത്. ഇത്തവണത്തെ ബീജിംഗ് ഒളിമ്പിക്സിനുള്ള മുന്നോടിയായി വിവിധ കമ്പനികള്‍ ക്രൂഡോയില്‍ വന്‍ തോതില്‍ വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക