കിംഗ്ഫിഷര്‍ ഹൗസ്‌ ജപ്തി ചെയ്തു

ചൊവ്വ, 13 ഓഗസ്റ്റ് 2013 (10:47 IST)
PRO
PRO
കിംഗ്ഫിഷര്‍ എയര്‍ലൈന്റെ കേന്ദ്ര ഓഫിസായ കിങ്ഫിഷര്‍ ഹൗസ്‌ ജപ്തി ചെയ്തു. എസ്ബിഐ ഉള്‍പ്പെടെ 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു 90 കോടി രൂപയിലേറെ മൂല്യം വരുന്ന കെട്ടിടം ഏറ്റെടുത്തത്‌. തുക തിരിച്ച് പിടിക്കാന്‍ കെട്ടിടം ലേലത്തില്‍ വയ്ക്കാനും സാധ്യതയുണ്ട്. 7000 കോടിയോളം രൂപയാണ് കിങ്ഫിഷര്‍, ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്‌.

മുംബൈ വിമാനത്താവള ആഭ്യന്തര ടെര്‍മിനലിന് സമീപം 1586 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണമുള്ള കെട്ടിടം ഉള്‍പ്പെടെ 2400 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് കിംഗ്ഫിഷര്‍ ഉടമസ്ഥതയിലുള്ളത്‌. തിരിച്ച് നല്‍കാനുള്ള തുക രണ്ടുഘട്ടമായി തിരിച്ചുപിടിക്കാനാണ് ബാങ്കുകളുടെ നീക്കം. വായ്പയെടുക്കാന്‍ കമ്പനി ഈട്‌ നല്‍കിയ ഓഹരികളാണ്‌ ആദ്യം ഏറ്റെടുത്തത്‌.

കിംഗ്ഫിഷര്‍ ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയ ബാങ്ക്‌ എസ്ബിഐ ആണ്‌- 1,600 കോടി. പഞ്ചാബ്‌ നാഷനല്‍ ബാങ്ക്‌ - 800 കോടി, ഐഡിബിഐ ലിമിറ്റഡ്‌-800 കോടി, ബാങ്ക്‌ ഓഫ്‌ ഇന്ത്യ-650 കോടി, ബാങ്ക്‌ ഓഫ്‌ ബറോഡ-550 കോടി, യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ- 430 കോടി, സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ-410 കോടി, യൂക്കോ ബാങ്ക്‌ -320 കോടി, കോര്‍പറേഷന്‍ ബാങ്ക്‌ - 310 കോടി, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍-150 കോടി, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌- 140 കോടി രൂപ, ഫെഡറല്‍ ബാങ്ക്‌ -90 കോടി രൂപ, പഞ്ചാബ്‌ ആന്‍ഡ്‌ സിന്ധ്‌ ബാങ്ക്‌ - 60 കോടി രൂപ, ആക്സിസ്‌ ബാങ്ക്‌ -50 കോടി രൂപ എന്നിങ്ങനെയാണു വായ്പയുടെ കണക്ക്‌.

വെബ്ദുനിയ വായിക്കുക