കാനഡയില്‍ കൂടുതല്‍ നിക്ഷേപം നടത്തും: ടാറ്റ

ഞായര്‍, 21 ഫെബ്രുവരി 2010 (10:42 IST)
PRO
കാനഡയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്‍‌പര്യമുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി. കാനഡയില്‍ കാനഡ-ഇന്ത്യ ബിസിനസ് കൌണ്‍സില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രത്തന്‍ ടാറ്റ. ഖനന മേഖലയില്‍ നിക്ഷേപം നടത്താനാണ് താല്‍‌പര്യമെന്നും രത്തന്‍ ടാറ്റ കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ സാങ്കേതിക മേഖലയില്‍ ടാറ്റയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ താല്‍‌പര്യമുണ്ടെന്നും രത്തന്‍ ടാറ്റ പറഞ്ഞു. എന്നാല്‍ ഏത് കമ്പനികളുമായിട്ടാണ് ടാറ്റ സഹകരിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ മോണ്‍‌ട്രീല്‍ ആസ്ഥാനമായുള്ള ഖനന കമ്പനിയായ ന്യൂ മില്ലേനിയം കാപിറ്റല്‍ കോര്‍പ്പറേഷനില്‍ ടാറ്റയ്ക്ക് നിലവില്‍ ഓഹരി പങ്കാളിത്തം ഉണ്ട്. ടാറ്റ ഗ്രൂപ്പിന്‍റെ ഐടി വിഭാഗമായ ടിസി‌എസിന് കാനഡയില്‍ മോണ്‍‌ട്രീല്‍, കല്‍‌ഗാരി,മിസിസൌഗ എന്നിവിടങ്ങളില്‍ ഓഫീസുകളുമുണ്ട്.

കാനഡ ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ ടെലിഗ്ലോബിനെ ടാറ്റ 2005 ല്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക