ഓണം സ്പേസ് പായസം: ഒരു മെസേജില്‍ പായസം വീട്ടിലെത്തും

തിങ്കള്‍, 27 ഓഗസ്റ്റ് 2012 (11:06 IST)
PRO
PRO
മൊബൈലിലൂടെ സന്ദേശമയച്ചാല്‍ ഇനി ഓണപ്പായസം വീട്ടിലെത്തും‍. പായസപ്രേമികള്‍ക്കായി കൊച്ചിയിലെ സ്‌റ്റാര്‍ട്ടപ്പ് കമ്പനിയായ അമിഡ്‌റേ ടെക്‌നോളജീസാണ് എം-പായസം എന്ന പേരില്‍ സ്‌മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തുന്നത്.

മൊബൈല്‍ഫോണില്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്താല്‍ ഒരു തടസവുമില്ലാതെ ഓര്‍ഡര്‍ നല്‍കാനാവുമെന്ന് അമിഡ്‌റേ ടെക്‌നോളജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. കെ. പ്രതീക്ഷ പറഞ്ഞു. പായസം വീട്ടിലെത്തുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്ന സൌകര്യവുമുണ്ട്.

ഓഗസ്റ്റ് 28,29,30 തീയതികളില്‍ കൊച്ചിയില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരും. ഓര്‍ഡറുകള്‍ മിക്കവാറും അവസാനിച്ചു കഴിഞ്ഞതായാണ് സൂചന.ആപ്ലിക്കേഷന്റെ പുതിയ പതിപ്പുകള്‍ വരുന്നതനുസരിച്ച് പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.തിരുവനന്തപുരംടെക്‌നോപാര്‍ക്കിലും കൊച്ചി സ്റ്റാര്‍ട്ടഅപ്പ് വില്ലേജിലുമായാണ് ഒരു സംഘം യുവസംരംഭകര്‍ അമിഡ്‌റേ ടെക്‌നോളജീസിനു രൂപം നല്‍കി ഈ പദ്ധതി വികസിപ്പിച്ചത്.


തുടക്കത്തില്‍ രണ്ടു തരം പായസമാണ് നല്‍കുക. ഓ‌ര്‍ഡര്‍ നല്‍കുമ്പോള്‍ തന്നെ വിലയടക്കമുള്ള വിവരങ്ങളെല്ലാം മൊബൈലിലെത്തും. താമസിയാതെ പായസം വീട്ടിലെത്തിക്കുകയും ചെയ്യും. വീട്ടില്‍ പായസമുണ്ടാക്കാന്‍ സാഹചര്യവും സമയവും ഇല്ലാത്തവര്‍ക്കുവേണ്ടി തയാറാക്കിയ ഏറ്റവുമെളുപ്പമുള്ള ആപ്ലിക്കേഷനാണ് ഇതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ. കെ. രോഹിത് പറഞ്ഞു.

ഈഅപ്ലിക്കേഷന്റെ പരിഷ്ക്കരിച്ച പതിപ്പില്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡ‌ര്‍ ചെയ്‌തു വരുത്തുക, റസ്റ്റോറന്റുകളില്‍ സീറ്റ്, ഹോട്ടലുകളില്‍ മുറികള്‍ ബുക്കു ചെയ്യുവാനുള്ള സംവിധാനം എന്നിവ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക