പ്രശസ്ത നോവലിസ്റ്റായ ഏറ്റുമാനൂര്‍ ശിവകുമാര്‍ ഒരു നോവല്‍ തന്നെ രണ്ട് പേരില്‍ പ്രസിദ്ധീകരിച്ചതായി പരാതി. ഇദ്ദേഹം രചിച്ച പരകായം എന്ന നോവല്‍ ഏതാനും മാസങ്ങള്‍ക്കകം ആരണ്യഹൃദയം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു എന്നാണിപ്പോള്‍ പരാതിയുണ്ടായിരിക്കുന്നത്.
2011 ജനുവരിയില്‍ പ്രിയതാ ബുക്സ് പരകായം എന്ന പേരില്‍ ഏറ്റുമാനൂര്‍ ശിവകുമാറിന്‍റെ നോവല്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ 2011 ഓഗസ്റ്റില്‍ ഇതേ കഥതന്നെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ആരണ്യഹൃദയംഎന്ന പേരില്‍ വീണ്ടും പ്രസിദ്ധീകരിക്കുകയാണുണ്ടായത്. പേരിലല്ലാതെ നോവലുകള്‍ തമ്മില്‍ യാതൊരു മാറ്റവുമില്ല എന്നതാണ് പരാതി.
റീജണല്‍ കണ്‍സ്യൂമര്‍ ഗൈഡന്‍സ് ആന്‍റ് വെല്‍ഫയര്‍ സൊസൈറ്റി ചെയര്‍മാന്‍ ജി രാജേന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട് അഡ്വ ബി ശിവദാസ് മുഖേന ഏറ്റുമാന്നൂര്‍ ശിവകുമാറിനു വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
പകര്‍പ്പവകാശ സംരക്ഷണ നിയമം, ഉപഭോക്തൃ സമ്രക്ഷണ നിയമം എന്നിവയുടെയും സിവില്‍ - ക്രിമിനല്‍ നിയമങ്ങളുടെയും പരസ്യമായ ലംഘനമായാണ് സംഭവത്തെ കാണിച്ചിരിക്കുന്നത്.
രണ്ടു പേരിലും പ്രസിദ്ധീകരിച്ച നോവല്‍ ഒന്നാണെന്നും ഇത് തെറ്റാണെന്നും കാണിച്ച് പത്രമാധ്യമങ്ങളിലൂടെ നോവലിസ്റ്റ് മാപ്പ് പറയണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഒരെണ്ണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.