രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പണമിടപാടുകാരായ ഐ സി ഐ സി ഐ ബാങ്കിന്റെ ഡയറക്ടര്‍ രാജിവച്ചു. സഞ്ജോയ് ചാറ്റര്‍ജി വ്യാഴാഴ്ചയാണ് രാജി നല്‍കിയത്. ഐ സി ഐ സി ഐയില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ ഉന്നതനാണ് സഞ്ജോയ്. സഞ്ജോയിയുടെ രാജി ഏപ്രില്‍ മുപ്പത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
സഞ്ജോയിയുടെ സ്ഥാനത്തേക്ക് രാജീവ് സബര്‍വാളിനെ പരിഗണിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമെ സബര്‍വാലിന് സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കൂ. ആര്‍ ബി ഐ എന്നാണോ അംഗീകാരം നല്‍കുന്നത് അന്നു മുതല്‍ ഐ സി ഐ സി ഐയുടെ പുതിയ ഡയറക്ടറായി സബര്‍വാല്‍ സ്ഥാനമേല്‍ക്കും.
ഐ സി ഐ സി ഐയുടെ റീട്ടെയില്‍ ബാങ്കിംഗ് മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സബര്‍വാള്‍ ബാങ്കിന്റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന അംഗങ്ങളില്‍ പ്രധാന വ്യക്തിയാണ്. അതേസമയം, പുതിയ സ്ഥാനം ഏറ്റെടുത്താലും റീട്ടെയില്‍ ബാങ്കിംഗ് വിഭാഗം സബര്‍വാളിന്റെ കീഴില്‍ തന്നെയായിരിക്കും.
സര്‍ക്കാരുമായി ബന്ധപ്പെട്ട ബിസിനസ് കാര്യങ്ങളും അന്താരാഷ്ട്ര ബിസിനസും കൈകാര്യം ചെയ്തുവരികയായിരുന്നു സഞ്ജോയ് ചാറ്റര്‍ജി. എന്നാല്‍, സഞ്ജോയ് ചാറ്റര്‍ജി രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് മാനെജിങ് ഡയറക്റ്ററായിരുന്ന ശിഖ ശര്‍മ രാജിവച്ച് ആക്സിസ് ബാങ്ക് മേധാവിയായി സ്ഥാനമേറ്റിരുന്നു.
ഐ സി ഐ സി ഐ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സി ഇ ഒ ആയിരുന്ന രേണുക രാംനാഥും കഴിഞ്ഞവര്‍ഷം കമ്പനി വിട്ടു. സ്വന്തമായി ബിസിനസ് സംരംഭം തുടങ്ങാനായിരുന്നു അവരുടെ രാജി.